ന്യൂഡൽഹി:ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടതിന് എതിരെ സംസ്ഥാനം നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അദ്യക്ഷനായ ബെഞ്ച് ആണ് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിയത്. കൊലപാതകം തെളിയക്കാൻ പര്യാപ്തമായ തെളിവുകൾ കേസിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ കോടതി തള്ളിയത്.
2006 ഫെബ്രുവരി നാലിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയിൽ രശ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സ്ത്രീധന പീഡന കുറ്റം മാത്രമായിരുന്നു ആദ്യം ബിജുവിന് എതിരെ ചുമത്തിയിരുന്നത്. സോളർകേസിൽ ബിജു രാധാകൃഷ്ണൻ പ്രതിസ്ഥാനത്തെത്തിയപ്പോഴാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്.
സോളാർ തട്ടിപ്പ് കേസിൽ കൂട്ടാളിയായിരുന്ന സരിത എസ് നായരെ സ്വന്തമാക്കാൻ ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണൻ കൊലപ്പെടുത്തിയെന്നാണ് കേസ്. രശ്മിക്കു മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ബിജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യുഷൻ കേസ്. ബിജുവിന് ജീവപര്യന്തം തടവും പിഴയും രാജമ്മാളിന് മൂന്നുവർഷത്തെ തടവുമായിരുന്നു ശിക്ഷയും ആയിരുന്നു വിചാരണ കോടതി വിധിച്ചിരുന്നത്. എന്നാൽ ഇരുവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ഹരേൻ പി റാവൽ, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.