ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകർക്കെതിരായ അന്വേഷണത്തിന് മാർഗനിർദേശം വേണമെന്ന് സുപ്രീംകോടതി. ന്യൂസ് ക്ലിക്ക് കേസിലാണ് കോടതിയുടെ പരാമർശം. മാധ്യമങ്ങളുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിലും മാർഗനിർദേശം വേണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടർന്ന് ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിന്റെ ഡൽഹിയിലെ ഓഫീസ് പൊലീസ് സീൽ ചെയ്തിരുന്നു. ന്യൂസ്ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിൽ എത്തിയിരുന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുരകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.