News

അച്ഛൻ മകളെ ബലാത്സംഗം ചെയ്തു. വിവസ്ത്രയായി പീഡനം കാണാന്‍ അമ്മയെ നിറുത്തിയ ശേഷം, ഞെട്ടിയ്ക്കുന്ന സംഭവം വെളിപ്പെടുത്തി സുപ്രീം കോടതി ജഡ്ജി

ന്യൂഡല്‍ഹി: മീനങ്ങാടി പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ‘ലോകത്തിന് കാമഭ്രാന്താ’ണെന്ന് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ പരിഗണിച്ച പോക്‌സോ കേസിലെ അതിജീവിതയ്‌ക്കെതിരെ സ്വന്തം പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ ലൈംഗിക ആക്രമണത്തെക്കുറിച്ചും ജസ്റ്റിസ് ഗുപ്ത കോടതിയില്‍ വിവരിച്ചു.

പന്ത്രണ്ട് വയസുകാരിയെ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുട്ടിയെ മടിയില്‍ ഇരുത്തിയ ശേഷം കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ഉമ്മവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ഉമ്മവച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ ഈ കണ്ടെത്തല്‍ അതിജീവിതയുടെ അമ്മയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിജീവിത നേരിട്ട ലൈംഗിക പീഡനവും അദ്ദേഹം കോടതിയില്‍ വിവരിച്ചു. തുടര്‍ന്നാണ് ലോകത്തിന് കാമഭ്രാന്താണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അഭിപ്രായപ്പെട്ടത്.

ജയില്‍ തടവുകാരനായ ഒരു പിതാവില്‍ നിന്ന് മകള്‍ക്ക് നേരെയുണ്ടായ ക്രൂരമായ പീഡനം സംബന്ധിച്ച് താന്‍ ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ പരിഗണിച്ച ഒരു കേസിനെ കുറിച്ച് ജസ്റ്റിസ് ഗുപ്ത കോടതിയില്‍ വിവരിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ അച്ഛന്‍, വീട്ടില്‍ എത്തി മകളെ ബലാത്സംഗം ചെയ്തു. അതും വിവസ്ത്രയായി ഈ പീഡനം കാണാന്‍ അമ്മയെ നിറുത്തിയ ശേഷം. പരിഗണിക്കുന്ന ചില കേസ്സുകള്‍ വിശ്വസിക്കുന്നതിലും അപ്പുറമാണെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി സെപ്റ്റംബര്‍ പന്ത്രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

മീനങ്ങാടി പോക്‌സോ കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നില്ല. ആരോപണം ഗുരുതരമാണെങ്കിലും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തത്തില്‍ പരിമിതമായ കസ്റ്റഡി മാത്രമേ ആവശ്യമുള്ളുവെന്നാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എടുത്തിരുന്ന നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button