ന്യൂഡല്‍ഹി∙ കണ്ണൂർ കോടതി സമുച്ചയ നിർമാണ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് കരാർ നൽകുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ എതിർ കക്ഷികളായ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടിസ് അയച്ചു. ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ.എം. മുഹമ്മദ് അലി എന്ന കോൺട്രാക്ടറുടെ ഉടമസ്ഥതയിലുള്ള നിര്‍മാൺ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയായിരുന്നു. എന്നാല്‍, നിർമാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും കൂടുതൽ തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവരാണ് നിർമാൺ കൺസ്ട്രക്ഷൻസ് കമ്പനിക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിർമാണ കരാര്‍ നല്‍കില്ലെന്ന ഉത്തരവ്, സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ആകെ ബാധിക്കുമെന്ന് ഇരുവരും വാദിച്ചു.