പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; ശബരിമല കേസിൽ നിർണായക പരാമർശവുമായി -സുപ്രീംകോടതി

ന്യൂഡൽഹി: പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉൻമൂലനം ചെയ്യാനാവില്ലെന്നും വിശ്വാസത്തിന്റെയും മനസ്സാക്ഷിയുടെയും വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധിക്കില്ലെന്നും സുപ്രീംകോടതി. ശബരിമല വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. മതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ കണക്കാക്കാതെ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ തുല്യത പരിശോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു.

2018-ലെ യുവതീപ്രവേശ വിധിയെത്തുടർന്ന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി, കനകദുർഗ എന്നിവർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെ വാദമാണ് ബുധനാഴ്ച നടന്നത്. പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. എന്നാൽ, ആചാരങ്ങൾ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവയാണെങ്കിൽ അതിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം കാണിക്കാൻ ക്ഷേത്രത്തിനാവണമെന്ന് ഇന്ദിരാ ജെയ്‌സിങ് വാദിച്ചു.

ശബരിമല വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഇന്ദിരാ ജെയ്‌സിങ് വാദിച്ചു. എന്നാൽ, സർക്കാർ സഹകരിക്കാത്തതിനാൽ ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കുമല്ലാതെ മറ്റാർക്കും ശബരിമല കയറാനായില്ല. വിവേചനം തടയുന്ന ഭരണഘടനയുടെ 15-ാം വകുപ്പ് ലംഘിക്കുന്ന ഒരാചാരവും കോടതി അംഗീകരിക്കരുത്. പട്ടികജാതിക്കാരിയുടെ പ്രവേശനം തടയുന്നത് തൊട്ടുകൂടായ്മയുടെ പരിധിയിൽ വരുമെന്നു ചൂണ്ടിക്കാട്ടിയെങ്കിലും കോടതി യോജിച്ചില്ല. പട്ടികജാതിക്കാരിയായതുകൊണ്ടല്ല, പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീയായതുകൊണ്ടാണ് ശബരിമലയിൽ തടയുന്നതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

യുവതീപ്രവേശവിധി വന്നശേഷമാണ് രണ്ടുപേരും ദർശനത്തിനുപോയത്. ബിന്ദുവിന് കേരളം വിടേണ്ടിവന്നു. കനകദുർഗയ്ക്ക് കുടുംബത്തിൽ പ്രയാസങ്ങൾ നേരിട്ടുവെന്നും ജെയ്‌സിങ് പറഞ്ഞു. ഇവർ ഭക്തരാണോയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചപ്പോൾ, അക്കാര്യം പിന്നീട് വിശദീകരിക്കാമെന്ന് ജെയ്‌സിങ് മറുപടി നൽകി. ഇത് പ്രയാസമുള്ള ചോദ്യമാണെന്ന് ജസ്റ്റിസ് നഗരത്ന പറഞ്ഞു. കേസിൽ ചൊവ്വാഴ്ചയും ഇന്ദിരാ ജെയ്‌സിങ്ങിന്റെ വാദം തുടരും.

ഹിന്ദുക്കളാണെങ്കിൽ പൊതുക്ഷേത്രത്തിലെ പ്രവേശനം തടയാനാവില്ലെന്ന് ഇന്ദിരാ ജെയ്‌സിങ് വാദിച്ചു. ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമില്ലാത്തവർ പോകേണ്ടതില്ല. എന്നാൽ, ആഗ്രഹിക്കുന്നവർക്ക് ഭരണഘടനയുടെ 25(1) പ്രകാരം അതിനുള്ള സംരക്ഷണമുണ്ട്. എന്നാൽ, ആരാണ് പ്രവേശനം ആവശ്യപ്പെടുന്നതെന്ന് നമുക്കറിയണമെന്നും ഈ നാടിന്റെ നാഗരികവും മതപരവുമായ ചരിത്രം മറക്കാനാവില്ലെന്നും ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി.

യഥാർഥ വിശ്വാസിയെന്ന് അവകാശപ്പെടുന്ന ഒരാൾ പൊതുവായി നിലനിൽക്കുന്ന വികാരത്തെ ലംഘിച്ചാലോയെന്ന് ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള ചോദിച്ചു. പ്രതിഷ്ഠയ്ക്ക് ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പോകുന്നതെന്നും അവിടെയെത്തിയശേഷം ചിലത് സ്വീകരിക്കുമെന്നും മറ്റുചിലത് അംഗീകരിക്കില്ലെന്നും പറയാനാകുമോയെന്ന് ജസ്റ്റിസ് അമാനുള്ള ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News