ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ 14 കാരിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഗർഭധാരണം തുടരുന്നത് കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ സുപ്രധാനവിധി.
കുട്ടികളെ സംരക്ഷിക്കേണ്ട വളരെ അസാധാരണമായ കേസാണിതെന്നും കടന്നുപോകുന്ന ഓരോ മണിക്കൂറും പെൺകുട്ടിക്ക് ഏറെ നിർണായകമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗർഭം അലസിപ്പിക്കണമെന്ന പെൺകുട്ടിയുടെ അമ്മയുടെ അപേക്ഷ ഏപ്രിൽ നാലിന് ബൊംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക വിധി.
ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിയുടെ തീരുമാനം. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം അനുസരിച്ച് സാധാരണ 24 ആഴ്ച വരെ പ്രായമായ ഗർഭമാണ് അലസിപ്പിക്കാനാവുക. സുരക്ഷിതമായി ഗർഭഛിദ്രം നടത്തുന്നതിന് പ്രത്യേക സംഘം രൂപവത്ക്കരിക്കാൻ മുംബൈ സയണിലെ ലോക്മാന്യ തിലക് മുൻസിപ്പൽ മെഡിക്കൽ കോളേജിന് കോടതി നിർദേശവും നൽകിയിട്ടുണ്ട്.
ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടി ഗർഭാവസ്ഥയിൽ തുടർന്നാൽ ഉണ്ടാകുന്ന ശാരീരിക- മാനസിക പ്രത്യാഘാതകൾ സിയോൺ ആശുപത്രിയിലെ മെഡിക്കൽ ബോർഡിനോട് വിലയിരുത്താൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.