ന്യൂഡൽഹി:രാജ്യത്തെ വാക്സിൻ നയത്തിൽ സുപ്രീം കോടതിയുടെ നിർണായകമായ ഇടപെടൽ. 18-നും 44-നും ഇടയിൽ പ്രായമുള്ളവർ പണം നൽകി വാക്സിൻ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമെന്ന് സുപ്രീം കോടതി. സർക്കാർ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോൾ മൂകസാക്ഷി ആയി ഇരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ നീക്കി വച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
വാക്സിൻ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഫയൽ നോട്ടിങ് ഉൾപ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. 18-നും 44-നും ഇടയിൽ പ്രായമുള്ളവർ പണം നൽകി വാക്സിൻ സ്വീകരിക്കണമെന്ന നയത്തെ കോടതി രൂക്ഷമായാണ് വിമർശിച്ചത്. വാക്സിനേഷന് കേന്ദ്ര ബജറ്റിൽ നീക്കി വച്ച 35000 കോടി രൂപ 44 വയസിന് താഴെ ഉള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാൻ ഉപയോഗിച്ച് കൂടേ എന്നും സുപ്രീം കോടതി ആരാഞ്ഞു.സംസ്ഥാനങ്ങൾ സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ ജനങ്ങൾക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ വിശദീകരണം ശരിയാണോ എന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് കോടതി നിർദേശിച്ചു.
ഇതുവരെ വാങ്ങിയ വാക്സിന്റെ മുഴുവൻ വിശദാംശങ്ങളും കോടതിക്ക് കൈമാറണം. കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് തുടങ്ങിയ വാക്സിനുകൾ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കൈമാറേണ്ടത്. എത്ര ശതമാനം ജനങ്ങൾക്ക് വാക്സിൻ കുത്തിവച്ചു എന്ന് അറിയിക്കണം. നഗരങ്ങളിലും ഗ്രാമങ്ങളിലും എത്ര പേർക്ക് പേർക്ക് വീതം വാക്സിൻ നൽകി എന്ന് അറിയിക്കണം.
ഡിസംബർ 31 വരെയുള്ള വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗരേഖയും കോടതിക്ക് കൈമാറണം. മൂന്നാം തരംഗത്തിൽ കുട്ടികളിൽ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുൻകരുതലുകൾ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വാക്സിനേഷൻ എന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.