ന്യൂഡൽഹി:പോക്സോ കേസുകളിലെ വിവാദ വിധികളിലൂടെ രാജ്യം ചര്‍ച്ച ചെയ്ത ബോംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലയെ സ്ഥിരമാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പോക്സോ കേസുകളിലെ കുറ്റവാളികള്‍ക്ക് അനുകൂലമായി സമീപകാലത്ത് നടത്തിയ വിധികളാണ് പുഷ്പ വി ഗനേഡിവാലയ്ക്ക് വെല്ലുവിളിയായത്. സുപ്രീം കോടതി കൊളീജിയം ഇവരെ സ്ഥിരപ്പെടുത്താനുള്ള അനുമതി നല്‍കിയേക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ കൊളീജിയം ജനുവരി 20ന് നടത്തിയ ശുപാര്‍ശകള്‍ പുനപരിശോധിക്കുമെന്നാണ് സൂചന. നിലവില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജാണ് പുഷ്പ വി ഗനേഡിവാല. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജുമാരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍കര്‍ എന്നിവര്‍ ശുപാര്‍ശയ്ക്കെതിരെ കൊളീജിയത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് പോക്സോ കേസുകളിലാണ് വിചിത്ര വിധിയുമായി പുഷ്പ വി ഗനേഡിവാല എത്തിയത്. ജനുവരി 14, ജനുവരി 15, ജനുവരി 19 എന്നീ ദിവസങ്ങളിലെ പോക്സോ കേസുകളിലെ വിധി ഏറെ വിവാദമായിരുന്നു. 2019 ഫെബ്രുവരി 8നാണ് ബോംബൈ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജ് ആയി പുഷ്പ വി ഗനേഡിവാല നിയമിതയാവുന്നത്.
2007ലാണ് ജില്ലാ ജഡ്ജിയായി ഇവര്‍ നിയമിതയായത്. മുംബൈ സിറ്റി സിവില്‍ കോടതി, നാഗ്പൂരിലെ ജില്ലാ കുടുംബ കോടതി, മഹാരാഷ്ട്ര ജുഡീഷ്യല്‍ അക്കാദമി ജോയിന്‍റ് ഡയറക്ടര്‍, നാഗ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ്, തുടങ്ങി നിരവധി പദവികള്‍ പുഷ്പ വി ഗനേഡിവാല കൈകാര്യം ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാവുമെന്നാണ് സൂചന.