കോഴിക്കോട് : എൽഡിഎഫിന്‍റെ വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. സുപ്രഭാതം പോലുള്ള ഒരു പത്രത്തിൽ ഇത്തരത്തിൽ ഒരു പരസ്യം വന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ ആ പരസ്യം ബിജെപിക്ക് ഗുണകരമായി മാറിയെന്നും സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു.
സുപ്രഭാതത്തിൽ വന്ന പരസ്യം വല്ലാതെ വേദനിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തു. പത്രത്തിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരായിരുന്നു അത്. സന്ദീപ് വാര്യരുടെ മാറ്റം ഉൾക്കൊള്ളേണ്ടതായിരുന്നു. നല്ലതിലേക്കുള്ള മാറ്റത്തെ ഉൾക്കൊള്ളാതെയാണ് പരസ്യം നൽകിയത്. അത് ബിജെപിക്ക് ഗുണകരമാവുകയും ചെയ്തു എന്നാണ് സുപ്രഭാതം വൈസ് ചെയർമാൻ സൈനുൽ ആബിദീൻ വ്യക്തമാക്കിയത്.
അതേസമയം എല്ലാ പത്രങ്ങളിലും ഉണ്ടാകുമെന്ന് കരുതിയാണ് എൽഡിഎഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചത് എന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ എപി അബ്ദുൽ ഹക്കീം അസ്ഹാരി അറിയിച്ചു. എന്നാൽ ചില പത്രങ്ങൾക്ക് മാത്രമേ എൽഡിഎഫ് പരസ്യം നൽകിയിരുന്നുള്ളൂ എന്നുള്ള കാര്യം പിന്നീടാണ് അറിഞ്ഞത് എന്നും അദ്ദേഹം സൂചിപ്പിച്ചു.