FeaturedHome-bannerKeralaNews

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെതിരെയാണ് നടപടിക്ക് സാധ്യത. യുവതി പരാതി നല്‍കിയ ആദ്യഘട്ടം മുതലേ പന്തീരാങ്കാവ് പൊലീസ് പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു.

ഇതിനിടെയാണ് ഇപ്പോള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് ശരത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ശരത്തിനെതിരെ കേസില്‍ നേരത്തെ അറസ്റ്റിലായ രാജേഷിന്റെ മൊഴിയുണ്ടായിരുന്നു. രാഹുലും താനും ചേര്‍ന്ന് സിപിഒ ശരത് ലാലിനെ കണ്ടുവെന്നായിരുന്നു മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

വിദേശത്തേക്ക് കടന്ന രാഹുലിനെ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കുന്നതില്‍ അവ്യക്തത തുടരുകയാണ്. ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ മറുപടി ലഭിച്ചാലേ തുടര്‍നടപടി സാധ്യമാകും. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നല്‍കിയതോടെ ഇരുവരെയും ചോദ്യം ചെയ്യുന്നതും നീളാനാണ് സാധ്യത. പുതിയ അന്വേഷണ സംഘത്തിന് കേസില്‍ കാര്യമായ ഇടപെടല്‍ നടത്താനായിട്ടില്ല.

പ്രതി വിദേശത്തേക്ക് കടന്നതോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയ പൊലീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.തുടര്‍ നടപടിയെന്നോണം റെഡ് കോര്‍ണര്‍ നോട്ടീസിന് ശ്രമിച്ചാല്‍ പോലും അന്താഷ്ട്ര വിഷയത്തില്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും വിരളമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അങ്ങനെയെങ്കില്‍ പ്രതിയെ പിടികൂടുകയെന്നത് പൊലീസിന് വെല്ലുവിളിയായി തുടരും. കേസില്‍ ഗാര്‍ഹിക പീഡനം, വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ പൊലീസ് ചേര്‍ത്തെങ്കിലും രാഹുലിന്റെ രണ്ടാം വിവാഹത്തിലെ നിയമസാധുതയിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്താത്തതും പറവൂരിലെ പെണ്‍കുട്ടിയുമായി വിവാഹം കഴിഞ്ഞത് രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതും കോടതിയില്‍ ചോദ്യങ്ങള്‍ക്ക് ഇടയാക്കും.

പ്രതിയുടെ ബന്ധുക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെ ചോദ്യം ചെയ്യലും വൈകാനാണ് സാധ്യത. നേരത്തെ നല്‍കിയ നോട്ടീസുകള്‍ പ്രകാരം പൊലീസിന് മുന്നില്‍ ഹാജരാകാതിരുന്ന പ്രതിയുടെ അമ്മയും സഹോദരിയും ആശുപത്രിയില്‍ തുടരുകയാണ്. പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് രാജേഷിനെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു.

എന്നാല്‍, രാജേഷിന് ജാമ്യം നല്‍കിയ കോടതി പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇനി കരുതലോടെ നീങ്ങനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. പ്രതിയെ തുടക്കത്തിലേ പിടികൂടാതെ വിദേശത്തേക്ക് കടക്കാന്‍ അവസരമൊരുക്കിയതില്‍ പന്തീരാങ്കാവ് പൊലീസിനുണ്ടായ വീഴ്ചയില്‍ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button