തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കാമെന്ന മുന്നറിയിപ്പുമായി സപ്ലൈകോ ജനറല്‍ മാനേജര്‍. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തിലാണ് ജനറല്‍ മാനേജര്‍ ആര്‍ രാഹുല്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം കഴിഞ്ഞ ഡിസംബറില്‍ വീണ്ടും നീട്ടുകയും തുടര്‍ന്ന് ഏപ്രില്‍ വരെയാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സൗജന്യ ഭക്ഷ്യകിറ്റ് രണ്ടാംഘട്ട വിതരണ തയ്യാറെടുപ്പിനിടെയാണ് സപ്ലൈകോയുടെ മുന്നറിയിപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം സമ്മാനിക്കാന്‍ കാരണമായവയില്‍ ഒന്ന് ലോക്ക്ഡൗണ്‍ കാലത്തുപോലും പട്ടിണി കിടക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ അനുവദിച്ചില്ല എന്നതുതന്നെയായിരുന്നു. പ്രതിസന്ധിക്കാലത്ത് പെന്‍ഷനും ഭക്ഷ്യക്കിറ്റും ഓരോ വീട്ടിലുമെത്തിയത് വലിയ സഹായമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വരുന്ന തെരഞ്ഞെടുപ്പിലും ഭക്ഷ്യക്കിറ്റ് വലിയ സ്വാധീന ശക്തിയായേക്കാമെന്ന വിലയിരുത്തലുള്ളത്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തെ തുരങ്കം വയ്ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് കത്തില്‍ തന്നെ സപ്ലൈകോ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സൂചന. ഭക്ഷ്യക്കിറ്റ് വിതരണം അവതാളത്തിലാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് കത്തില്‍ ജനറല്‍ മാനേജര്‍ പറയുന്നത്.
ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷന്‍ കടകളില്‍ എത്തിക്കാനാണ് നിര്‍ദേശം. സപ്ലൈകോ ടെണ്ടര്‍ വഴി വാങ്ങുന്ന സാധനങ്ങളില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ പ്രാദേശികമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ റീജണല്‍ മാനേജര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസം വരുത്താനോ റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കുന്നതില്‍ അട്ടിമറി നടത്താനോ സാധ്യത മുന്നില്‍ കണ്ടാണ് ജനറല്‍ മാനേജര്‍ രാഹുലിന്റെ മുന്നറിയിപ്പെന്നാണ് വിവരം.