മുംബൈ:ഐപിഎൽ ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പിച്ച ഗുജറാത്തിന് പരാജയത്തിന്റെ കയ്പ്പുനീരു കുടിക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തിലാണ് ചെന്നൈ വിജയം കൈക്കലാക്കിയത്.
ആദ്യ നാല് പന്തിൽ മൂന്ന് റൺസ് മാത്രമാണ് മോഹിത് വഴങ്ങിയത്. അവസാന രണ്ട് പന്ത് എറിയുന്നതിന് മുൻപ് സബ്സ്റ്റിറ്റ്യൂട്ട് താരം വഴി കോച്ച് നെഹ്റയും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും മോഹിത്തിനോട് സംസാരിച്ചു. പിന്നീടാണ് കളിയുടെ ഗതിമാറിയത്. അവസാന രണ്ട് പന്തിൽ സിക്സും ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിച്ചു.
പാണ്ഡ്യ നടത്തിയ നീക്കത്തിനെതിരെ പ്രതികരണവുമായി മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗാവസ്കറും രംഗത്തെത്തി. ‘‘ആദ്യത്തെ നാല് ബോളുകൾ വളരെ നന്നായി എറിയാൻ മോഹിത്തിനായി. എന്നാൽ അതിനുശേഷം മോഹിത്തിന് കുടിക്കാൻ വെള്ളം നൽകി. തുടർന്ന് ഹർദിക് പാണ്ഡ്യ വന്നു സംസാരിച്ചു.
ബോളർ നല്ല രീതിയിൽ പന്തെറിയുമ്പോൾ സാധാരണ ഗതിയിൽ ആരും നിർദേശം നൽകാനോ സംസാരിക്കാനോ നിൽക്കാറില്ല. അകലെ നിന്ന് പ്രോത്സാഹിപ്പിക്കു മാത്രമാണ് ചെയ്യുക. പാണ്ഡ്യ അടുത്തെത്തി സംസാരിച്ചതിനുശേഷം മോഹിത്ത് ചുറ്റും നോക്കാൻ തുടങ്ങി. അതുവരെ കൃത്യമായി പന്തെറിഞ്ഞ മോഹിത്തിന് പിന്നീട് റൺസ് വഴങ്ങേണ്ടി വന്നു.
അനുചിതമായ സമയത്ത് മോഹിത്തിന് വെള്ളം നൽകിയതും പാണ്ഡ്യ വന്ന് സംസാരിച്ചതും വളരെ ദുരൂഹമാണ്. കാരണം അതിന് ശേഷമാണ് ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയത്.’’–ഗാവസ്കർ പറഞ്ഞു.
മോഹിത് ശർമ അഞ്ചാം പന്തെറിയുന്നതിനു മുമ്പായി സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്‍റെ അത്മവിശ്വാസം കളഞ്ഞതെന്ന തരത്തിൽ ആരാധകരും രംഗത്തെത്തിയിരുന്നു.