ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി. ‘ദി എക്സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന പുസ്തകത്തില്‍ സുനന്ദ പുഷ്‌കറിന്റെ കുട്ടിക്കാലം മുതല്‍ അവരുടെ ദുരൂഹ മരണം വരെയുള്ള കാര്യങ്ങളാണ് പറയുന്നത്. സുനന്ദ പുഷ്‌കറിന് രാഷ്ട്രീയത്തിലിറങ്ങാനും ബി.ജെ.പി ടിക്കറ്റില്‍ കാശ്മീരില്‍ നിന്ന് മത്സരിക്കാനും ആഗ്രഹമുണ്ടായിരുന്നതായി പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഒരു മികച്ച പൊളിറ്റിക്കല്‍ ലീഡര്‍ ആകുമെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
സുനന്ദയുടെ കുട്ടിക്കാലം കന്റോണ്‍മെന്റ് ടൗണിലായിരുന്നു. തരൂരിന് മുമ്പുള്ള സുനന്ദയുടെ രണ്ട് വിവാഹങ്ങളും കാനഡയിലെ ജീവിതകാലവുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സുനന്ദ പുഷ്‌കറിന്റെ സഹപാഠിയും മാദ്ധ്യമ സുഹൃത്തുമായ സുനന്ദ മെഹ്തയാണ് പുസ്തകം എഴുതിയത്. ദുബായില്‍ ബിസിനസ് വനിതയായി സുനന്ദ വളര്‍ന്നതും ശശി തരൂരിന്റെ ഭാര്യയായി മരിക്കുന്നതും പുസ്തകത്തില്‍ പറയുന്നു.
രേഖകള്‍, അഭിമുഖങ്ങള്‍, വിവിധതലങ്ങലിലുള്ള അന്വേഷണങ്ങള്‍ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതം രചയിതാവ് പകര്‍ത്തിയത്. അംബാലയില്‍ ഒരേ സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് ഇരുവരും സുഹൃത്തുക്കളായത്. എന്തിനെയും നേരിടാനുളള മനക്കരുത്തുളള സ്ത്രീയായിരുന്നു സുനന്ദ പുഷ്‌കര്‍, ജീവിതത്തിലുടനീളം അഭിമുഖീകരിച്ച എല്ലാ വെല്ലുവിളികളെയും ധൈര്യപൂര്‍വ്വം അവര്‍ നേരിട്ടു. ഏതു പ്രതിസന്ധിയിലും ശക്തമായി തിരിച്ചുവരാനുളള കഴിവ് അവര്‍ പ്രകടിപ്പിച്ചതായും സുനന്ദ മെഹ്ത ഓര്‍മ്മിക്കുന്നു.