തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും ശക്തമായ വേനൽമഴ സാധ്യത. ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം മഴ സജീവമാകും. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
ഇന്നലെ പെയ്ത മഴയിൽ കോഴിക്കോട് വ്യാപക നാശനഷ്ടമുണ്ടായിരുന്നു. പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യത. നിലവിൽ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
കോട്ടയത്ത് ഇടിമിന്നലേറ്റ് ഇന്നലെ ഗൃഹനാഥന്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു.വൈകുന്നേരം വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്. ഈ സമയത്ത് പീതാംബരന്‍ വീട്ടില്‍ തനിച്ചായിരുന്നു.
ഇടിമിന്നല്‍ അപകടം ചെറുക്കാനുള്ള മുന്‍ കരുതലുകള്‍:
മഴക്കാര്‍ കാണുന്ന സമയങ്ങളില്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക, ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്.
അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കണം. മിന്നലേറ്റ് കഴിഞ്ഞുള്ള 30സെക്കന്റ് വളരെ വിലപ്പെട്ടതാണ്.