KeralaNews

സുകുമാരക്കുറുപ്പ് കോട്ടയത്തെന്ന് പ്രചാരണം; തേടിയെത്തി ക്രൈംബ്രാഞ്ചും

ചാക്കോവധക്കേസിലെ (Chacko Murder case) പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ്(Sukumara Kurup) കോട്ടയത്തെന്ന് പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ അന്വേഷിച്ചെത്തി ക്രൈബ്രാഞ്ച്. കോട്ടയം ആർപ്പൂക്കര നവജീവനില്‍ (Navajeevan Trust) സുകുമാരക്കുറുപ്പ് ചികിത്സയില്‍ കഴിയുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്ന പ്രചാരണം. ഇതോടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നവജീവനിലെത്തുകയായിരുന്നു. 2017ല്‍ ലക്നൈവ്വില്‍ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിന്‍റെ നിഴലിലായത്. അടൂര്‍ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ രോഗി സുകുമാരക്കുറുപ്പ് അല്ലെന്ന് വ്യക്തമായി.

ഇയാളുടെ ബന്ധുക്കള്‍ ഇടയ്ക്ക് നവജീവനിലെത്തി രോഗിയെ സന്ദര്‍ശിക്കാറുണ്ടെന്നും നവജീവന്‍ അധികൃതര്‍ വിശദമാക്കി. മൂന്നര പതിറ്റാണ്ടിലേറെയായി കേരള പൊലീസിന് തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് പകൽ പോലെ വ്യക്തമായെങ്കിലും സുകുമാരക്കുറുപ്പിന്‍റെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാൻ കഴിയാത്തത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ നാണക്കേടായ സംഭവം ആയിരുന്നു. ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ച ക്രിമിനലാണ് സുകുമാരക്കുറുപ്പ്.

ചാക്കോയുടെ മൃതദേഹം സുകുമാരക്കുറുപ്പിന്‍റേതെന്ന് കമ്പനിയെ തെറ്റിധരിപ്പിക്കുകയായിരുന്നു കുറുപ്പിന്‍റെ പദ്ധതി. സുകുമാരക്കുറുപ്പിന്റെ അളിയനും വിശ്വസ്‍തനായ ഡ്രൈവറും അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും പണം തട്ടാനുള്ള പദ്ധതിയില്‍ പങ്കാളികളായിരുന്നു.സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരപിള്ളയുടെയും സഹായിയായിരുന്ന പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. കാര്‍ ഡ്രൈവര്‍ ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. വിലപിടിപ്പുള്ള ആദ്യ ദിവസങ്ങള്‍ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാന്‍ സഹായിച്ചതെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഭാര്യ ശാന്തമ്മ പ്രസവിച്ചു. മകന്‍ ജിതിന്‍ വിവാഹിതനായി. സര്‍ക്കാര്‍ നല്‍കിയ ജോലിയില്‍ നിന്ന് ശാന്തമ്മ റിട്ടയര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button