28 C
Kottayam
Tuesday, June 9, 2026

”പ്രധാനമന്ത്രിയുടെ മകനും നടിയുമായി അവിഹിതം; അതിന്റെ അശ്ളീല കാസറ്റ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൈയില്‍”; 30 വര്‍ഷംമുമ്പ് വീരപ്പന്‍ ഉന്നയിച്ച ആരോപണത്തില്‍ വിധി വന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; സൺ ടിവിയെ മുട്ടുകുത്തിച്ച് നടി സുകന്യ

Must read

ചെന്നൈ: ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഉന്നതര്‍ പ്രതിഭാഗത്തുള്ള കേസ്, ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന വലിയ അഭിഭാഷകരെ വെച്ചാണ് അവര്‍ വാദിച്ചത്.. എന്നിട്ടും ഒരു സ്ത്രീ ഒറ്റക്ക് ജയിച്ചു! അതും 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിലൂടെ. കാട്ടുകള്ളന്‍ വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. 1996 ഏപ്രിലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖവുമായി ബന്ധപ്പെട്ട നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. സുകന്യക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണക്കോടതി വിധി, ജസ്റ്റിസ് കെ. കുമരേഷ് ബാബു ശരിവെക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ സണ്‍ ടിവി നെറ്റ്വര്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.

1996 ഏപ്രില്‍ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നക്കീരന്‍ മാസികയുടെ എഡിറ്റര്‍ ആര്‍.ആര്‍ ഗോപാല്‍, കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പനുമായി നടത്തിയ അഭിമുഖം സണ്‍ ടിവിയിലെ ‘നേരുക്കുനേര്‍’ എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. അഭിമുഖത്തില്‍ സുകന്യക്ക്, അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പന്‍ ആരോപിച്ചു. ഈ അടിസ്ഥാനരഹിതമായ ആരോപണം തന്റെ സല്‍പ്പേരിനെയും തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിച്ചുവെന്നും കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സുകന്യ കോടതിയെ സമീപിച്ചത്.

- Advertisement -

കേസിന്റെ വിധി വന്നതോടെ സുകന്യ എന്ന നടിയെ എല്ലാവരും പുകഴ്ത്തുകയാണ്. അവര്‍ ഏറ്റുമുട്ടിയത് ഫലത്തില്‍ കരുണാനിധി കുടുംബത്തോടും, മൂന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനോടുമാണ്. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും ചെയര്‍മാനും തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയായ കലാനിധി മാരാണ്. ഇദ്ദേഹത്തിന്റെ സഹോദരനാണ് മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ എം.പിയുമായ ദയാനിധി മാരന്‍. അന്തരിച്ച ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സഹോദരി പുത്രനായിരുന്നു മുരശൊലി മാരന്‍. ഈ മുരശൊലി മാരന്റെ മക്കളാണ് കലാനിധി മാരനും ദയാനിധി മാരനും. അതായത്, കരുണാനിധിയുടെ മകനായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കസിന്‍സ് ആണ് മാരന്‍ സഹോദരന്മാര്‍!

- Advertisement -

2025-ല്‍ കലാനിധി മാരനും ദയാനിധി മാരനും തമ്മില്‍ സണ്‍ ടിവിയുടെ ഓഹരികളെച്ചൊല്ലി വലിയ നിയമയുദ്ധം ഉണ്ടായപ്പോള്‍ സ്റ്റാലിന്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. മാത്രമല്ല തമിഴ്് സിനിമാലോകത്തെയും, ടെലിവിഷന്‍ മേഖലയെയും മൊത്തം നിയന്ത്രിക്കുന്നത് കരുണാനിധി കുടുംബമാണ്. ഇവരോട് ഏറ്റുമുട്ടി ഒരു കേസ് ജയിക്കുക എന്നാല്‍ സസാധ്യമായ ആത്മധൈര്യമുള്ളവര്‍ക്കേ നടക്കു. കേസ് പിന്‍വലിക്കാനും വന്‍ തുകകൊടുത്ത് ഒത്തുതീര്‍പ്പാക്കാനും പലതവണ ശ്രമം നടന്നു. അവര്‍ വഴങ്ങിയില്ല. സ്വന്തംകാലില്‍നില്‍ക്കുന്ന ഒരു സ്ത്രീയെ അപവാദം പറഞ്ഞ് പരത്തുന്ന സകല മാധ്യമങ്ങള്‍ക്കുമെതിരെ ഒരു താക്കീതാവണം ഈ വിധി എന്ന നിലയിലാണ് സുകന്യ പ്രവര്‍ത്തിച്ചത്. വിധി വന്നതോടെ തമിഴക ഫെമിനിസ്റ്റ് സംഘടനകള്‍ പെണ്‍പുലിയായ സുകന്യയെ ഉയര്‍ത്തിക്കാട്ടുകയാണ്. പക്ഷേ അവരാവട്ടെ ഒന്നിനോടും പ്രതികരിക്കാതെ മാറിനില്‍ക്കയാണ്.

- Advertisement -

96-ല്‍ സണ്‍ ടിവിയിലെ ‘നേരുക്കുനേര്‍’ എന്ന പരിപാടിയിലൂടെ പുറത്തുവിട്ട അഭിമുഖത്തില്‍ വീരപ്പന്‍ ഉന്നയിച്ചത് വെറുമൊരു ഗോസിപ്പ് ആയിരുന്നില്ല, മറിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച വലിയൊരു ബ്ലാക്ക്‌മെയിലിങ് തന്ത്രമായിരുന്നു. നടി സുകന്യയും അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനും തമ്മിലുള്ള ബന്ധത്തെ വീരപ്പന്‍ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധിപ്പിച്ചാണ് സംസാരിച്ചത്. നടി സുകന്യയും നരസിംഹറാവുവിന്റെ മകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അടങ്ങിയ കാസറ്റ് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കൈവശം എത്തിപ്പെട്ടിരുന്നുവെന്ന് വീരപ്പന്‍ ഈ അഭിമുഖത്തില്‍ ആരോപിക്കുന്നു. 1996-ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഈ വീഡിയോ കാസറ്റ് കാണിച്ച് ജയലളിത അന്നത്തെ പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു എന്നതായിരുന്നു വീരപ്പന്റെ വാദം.

ഈ ഒരു സമ്മര്‍ദ്ദ തന്ത്രത്തിലൂടെയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ എ.ഐ.എ.ഡി.എം.കെയുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ജയലളിത നിര്‍ബന്ധിതനാക്കിയത് എന്ന് വീരപ്പന്‍ പറയുുന്നു. തമിഴ്‌നാട് ഭരണകൂടത്തെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനും, ഡല്‍ഹിയിലെ രാഷ്ട്രീയ ഭരണകേന്ദ്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും വേണ്ടി വീരപ്പന്‍ മെനഞ്ഞുണ്ടാക്കിയ കഥയായിരുന്നു ഇത്. എന്നാല്‍ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സുകന്യ എന്ന നടിയുടെ പേര് കാട്ടുകള്ളന്‍ ഇരയാക്കുകയായിരുന്നു.

ഈ സുദീര്‍ഘമായ അഭിമുഖത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുന്ന ഒട്ടനവധി ആരോപണങ്ങള്‍ വീരപ്പന്‍ ഉന്നയിച്ചിരുന്നു. തമിഴ്‌നാട് ഭരിച്ചിരുന്ന എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ തനിക്കെതിരെ വലിയ തോതില്‍ പോലീസ് സന്നാഹം ഉപയോഗിക്കുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ അവരില്‍ ചിലര്‍ തന്നെയാണ് തന്നെക്കൊണ്ട് ചന്ദനമരങ്ങള്‍ മുറിപ്പിച്ചു കടത്തുന്നതെന്ന് വീരപ്പന്‍ ആരോപിച്ചു. കാട്ടുപ്രദേശങ്ങളിലെ ആദിവാസികളെയും ഗ്രാമീണരെയും തന്നെ പിടികൂടാനെന്ന പേരില്‍ തമിഴ്‌നാട്-കര്‍ണാടക പോലീസ് ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും, ജനങ്ങള്‍ തന്നോടൊപ്പമാണെന്നും വീരപ്പന്‍ അവകാശപ്പെട്ടു. താന്‍ ഒരു കുറ്റവാളിയല്ലെന്നും, വ്യവസ്ഥിതി തനിക്കെതിരെ തിരിഞ്ഞതുകൊണ്ടാണ് താന്‍ ആയുധമെടുത്തതെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ വീരപ്പന്‍ നടത്തി. ഭരണകൂടം മാപ്പ് നല്‍കുകയാണെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന സൂചനകളും അവന്‍ നല്‍കിയിരുന്നു. ഈ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ അടങ്ങിയ അഭിമുഖം ചാനല്‍ റേറ്റിങ് കൂട്ടാന്‍ സഹായിക്കുമെന്നതിനാല്‍ സണ്‍ ടിവി ഇത് എഡിറ്റ് ചെയ്യാതെ അതേപടി സംപ്രേഷണം ചെയ്യുകയായിരുന്നു.

അന്ന് കത്തിനില്‍ക്കുന്ന ഒരു നടിയുടെ പേര് പറയുക എന്നതിനാലാണ് വീരപ്പന സുകന്യയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഈ വീരപ്പനുമായേ, നരസിംഹറാവുവിന്റെ മകനുമായോ, യാതൊരു ബന്ധമില്ലെന്നും, ഒരിക്കല്‍പോലും നേരിട്ടുകാണുകയോ, ഫോണില്‍പോലും ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ്, അവര്‍ പറയുന്നത്. ഈ വിവാദത്തില്‍പെട്ടത്, പി.വി. നരസിംഹറാവുവിന്റെ ഏത് മകനാണെന്നുപോലും തെളിയിക്കാനായില്ല. കേസിലുടനീളം ‘മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകന്‍’ എന്ന് മാത്രമാണ് പൊതുവായി രേഖപ്പെടുത്തിയിട്ടുള്ളത്. റാവുവിന് പി.വി. രംഗറാവു, പി.വി. രാജേശ്വര്‍ റാവു, പി.വി. പ്രഭാകര്‍ റാവു എന്നിങ്ങനെ മൂന്ന് പുത്രന്മാരാണുള്ളത്. എന്നാല്‍ ഇതില്‍ ആരുടെ പേരും ഈ വിവാദവുമായി ബന്ധപ്പെട്ട വിധിപ്പകര്‍പ്പുകളില്‍ ഔദ്യോഗികമായി പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അവരാരും സിനിമയുമായി ഒരു രീതിയിലും ബന്ധപ്പെട്ടവര്‍ ആയിരുന്നില്ല. പക്ഷേ വീരപ്പന്റെ അന്ത്യം കുറിച്ചതും ഈ അഭിമുഖമായിരുന്നു. ഇതോടെയാണ് കാട്ടുകള്ളനെ എന്തുവിലകൊടുത്തും തീര്‍ക്കുമെന്ന് ജയലളിത പ്രതിജ്ഞയെടുത്തത്.

മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നതിനു പിന്നാലെ തമിഴക മാധ്യമങ്ങള്‍ നടി സുകന്യക്ക് പിന്നാലെ ഓടിയെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ സുദീര്‍ഘമായ നിയമപോരാട്ടത്തിലുടനീളം താന്‍ നേരിട്ട കടുത്ത മാനസിക വിഷമങ്ങളും ചാനലിന്റെ വീഴ്ചയും അവര്‍ കോടതിക്ക് മുന്നില്‍ കൃത്യമായി ബോധിപ്പിച്ചിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്തുണ്ടായ ഈ വിവാദം ചലച്ചിത്ര രംഗത്തെ തന്റെ മികച്ച തൊഴിലവസരങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമായെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനും സ്ത്രീ എന്ന നിലയിലുള്ള അന്തസ്സ് വീണ്ടെടുക്കാനും വേണ്ടി മാത്രമാണ് 30 വര്‍ഷത്തോളം നീണ്ട ഈ കഠിനമായ നിയമപോരാട്ടത്തില്‍ അവര്‍ ഉറച്ചുനിന്നത്. ആരംഭത്തില്‍ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് 10,00,500 രൂപയായി ചുരുക്കി കേസ് തുടരുകയായിരുന്നു. തനിക്കുണ്ടായ വ്യക്തിപരമായ നഷ്ടങ്ങള്‍ക്ക് മുന്നില്‍ ഈ തുക ചെറുതാണെങ്കിലും, തന്റെ ഭാഗം സത്യമാണെന്ന് തെളിയിക്കാനും ചാനലിന്റെ മൗനാനുവാദത്തോടെ നടന്ന വ്യാജപ്രചാരണത്തിന് നിയമപരമായ തിരിച്ചടി നല്‍കാനും കഴിഞ്ഞത് സുകന്യയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

തമിഴ്, മലയാളം, തെലുഗു ഭാഷകളില്‍ 1990-കളില്‍ സജീവമായിരുന്ന സുകന്യ, കിടയറ്റ ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ചെന്നൈയിലാണ് അവര്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതല്‍ക്കേ ഭരതനാട്യം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നു. ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയിലാണ് അവര്‍ നൃത്തം പഠിച്ചത്. മികച്ച നര്‍ത്തകി എന്ന നിലയിലാണ് അവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 1991-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത ‘പുതു നെല്ല് പുതു നാത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുകന്യ സിനിമാ ലോകത്തേക്ക് എത്തുന്നത്.ചിന്ന ഗൗണ്ടര്‍, വാള്‍ട്ടര്‍ വെറ്റിവേല്‍, മഹാനദി, ഇന്ത്യന്‍ (കമലഹാസനൊപ്പം) തുടങ്ങിയ വന്‍ വിജയചിത്രങ്ങളിലൂടെ അവര്‍ തമിഴിലെ മുന്‍നിര നായികയായി മാറി. സുകന്യ മലയാള സിനിമയിലും വളരെ സജീവമായിരുന്നു. സാഗരം സാക്ഷി (1994) എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള അവരുടെ പ്രകടനം ഗംഭീരമായിരുന്നു. തൂവല്‍ക്കൊട്ടാരം (1996) എന്ന സിനിമയിലും ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷമായിരുന്നു. ചന്ദ്രലേഖ (1997) മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ‘ചന്ദ്ര’ എന്ന കഥാപാത്രം വലിയ ഹിറ്റായിരുന്നു. രക്തസാക്ഷികള്‍ സിന്ദാബാദ് (1998) ഉടയോന്‍ (2005), ഇന്നത്തെ ചിന്താവിഷയം (2008), ആമയും മുയലും (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഇപ്പോള്‍ സിനിമകളില്‍ പൂര്‍ണ്ണമായി സജീവമല്ലെങ്കിലും സുകന്യ തന്റെ ആദ്യ പ്രണയമായ ഭരതനാട്യത്തില്‍ വ്യാപൃതയാണ്. സ്റ്റേജ് ഷോകളും നൃത്ത പരിപാടികളും അവതരിപ്പിക്കാറുണ്ട്. ഒരു നല്ല ഗായിക കൂടിയാണ്. രണ്ട് ഭക്തിഗാന ആല്‍ബങ്ങള്‍ അവര്‍ കമ്പോസ് ചെയ്യുകയും പാടുകയും ചെയ്തിട്ടുണ്ട് തമിഴ്, തെലുഗ് സിനിമാ-സീരിയലുകളില്‍ വേഷമിടാറുണ്ട്. 2002-ല്‍ ശ്രീധരന്‍ രാജഗോപാലന്‍ എന്ന വ്യക്തിയുമായി വിവാഹം നടന്നെങ്കിലും 2003-ല്‍ ഇവര്‍ വിവാഹമോചിതരായി. നിലവില്‍ വിവാദങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞ് അവര്‍ ചെന്നൈയിലാണ് താമസം.

ഈ കേസ് ചര്‍ച്ചയായതോടെ ഒരിക്കല്‍ കൂടി പൊളിയുന്നത്, കാട്ടുകള്ളന്‍ വീരപ്പന്റെ റോബിന്‍ഹുഡ് ഇമേജാണ്. ഈയിടെയും ചിലര്‍ പാവങ്ങളുടെ രക്ഷകനാക്കി പ്രചാരണം നടത്തിയിരുന്നു. ഇതിനൊക്കെയുള്ള കനത്ത തിരിച്ചിടിയായി ഈ കേസ് മാറി.

വീരപ്പന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. അതിന്റെ ഇമേജ് ബൂസ്റ്റിങ്ങിന് വേണ്ടിയാണ് ഇതുപോലെ അഭിമുഖം നടത്തിയത്. തന്റെ മേലുള്ള ‘കാട്ടുക്കൊള്ളക്കാരന്‍’, ‘കൊലയാളി’ എന്ന പ്രതിച്ഛായ മാറ്റി, ഒരു രാഷ്ട്രീയ നേതാവോ തമിഴ് ജനതയുടെ രക്ഷകനോആയി സ്വയം അടയാളപ്പെടുത്താന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും സര്‍ക്കാരുകള്‍ക്ക് മുന്നില്‍ രാഷ്ട്രീയ നിബന്ധനകളോടെ കീഴടങ്ങാനാണ് വീരപ്പന്‍ ശ്രമിച്ചത്. തനിക്ക് പൊതുമാപ്പ് നല്‍കി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അവന്‍ ആവശ്യപ്പെട്ടിരുന്നു. കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ വിട്ടയാക്കാന്‍ വീരപ്പന്‍ ആവശ്യപ്പെട്ടത്, കാവേരി നദി ജലത്തര്‍ക്കം പരിഹരിക്കുക, തമിഴ് ഭാഷയ്ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുക തുടങ്ങിയ രാഷ്ട്രീയ സ്വഭാവമുള്ള ആവശ്യങ്ങള്‍ കൂടിയാണ്.

സാധാരണക്കാരെയും ആദിവാസികളെയും സഹായിക്കുന്ന റോബിന്‍ ഹുഡ് പ്രതിച്ഛായ നിര്‍മ്മിക്കാന്‍ വീരപ്പന്‍ ആഗ്രഹിച്ചു. പോലീസിനും ഭരണകൂടത്തിനും എതിരെ സംസാരിക്കുന്നതിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാമെന്ന് ഈ കാട്ടുകള്ളന്‍ കരുതി. ദില്ലിയിലെയും തമിഴ്‌നാട്ടിലെയും വന്‍കിട രാഷ്ട്രീയക്കാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും, അവരെ സമ്മര്‍ദ്ദത്തിലാക്കാനും വീരപ്പന്‍ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മകനും നടിയുമായി ബന്ധപ്പെടുത്തി നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. സണ്‍ ടിവിയും നക്കീരന്‍ മാസികയും ഈ അഭിമുഖത്തിന് വലിയ വാര്‍ത്താപ്രാധാന്യം നല്‍കിയപ്പോള്‍ വീരപ്പന്റെ ഈ ഇമേജ് ബൂസ്റ്റിങ് ലക്ഷ്യം ഒരു പരിധി വരെ വിജയിച്ചു. സുകന്യ. ഈ തിരിച്ചറിവുകൂടി മുന്‍നിര്‍ത്തിയാണ് കേസിന് പോയത്.

തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കാടുകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ ഭീതി പടര്‍ത്തിയ 184 ഓളം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളുള്ള ഒരു ഭീകര ക്രിമിനലിനെയാണ്, ഇതുപോലെ വെള്ളപൂശുന്നത് എന്നോര്‍ക്കണം! വീരപ്പന്‍ സംഘം കൊന്നവരില്‍, പകുതിയോളം പേര്‍ സി.ഐ, എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഗാര്‍ഡുകളുമായിരുന്നു. ബാക്കി ഭൂരിഭാഗവും പോലീസിന് വിവരം നല്‍കുന്ന ഒറ്റുകാരാണെന്ന് ആരോപിച്ച് കൊലപ്പെടുത്തിയവരാണ്. ഇവര്‍ സാധാരണക്കാരായ ഗ്രാമീണരും ആദിവാസികളുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ചര്‍ച്ചക്കെന്ന് പറഞ്ഞ് കാട്ടിലേക്ക് വിളിച്ചുവരുത്തി വെടിവെച്ചും, ലാന്‍ഡ്‌മൈനുകള്‍ ഉപയോഗിച്ച് വണ്ടികള്‍ തകര്‍ത്തും അയാള്‍ ക്രൂരമായി കൊലപ്പെടുത്തി. സിനിമാക്കഥകളെ വെല്ലുന്ന ആനവേട്ടയാണ് വീരപ്പന്‍ നടത്തിയത്. ദക്ഷിണേന്ത്യന്‍ കാടുകളില്‍ നിന്നുമായി ഏകദേശം 500 മുതല്‍ 2,000 വരെ ആനകളെ അവന്‍ കൊമ്പുകള്‍ക്കായി കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ആനക്കൊമ്പുകള്‍ മാത്രം കടത്തി 16 കോടിയോളം രൂപ സമ്പാദിച്ചു. കാടുകളിലെ ചന്ദനമരങ്ങള്‍ നിയമവിരുദ്ധമായി വെട്ടിമുറിച്ച് കടത്തുന്നതായിരുന്നു വീരപ്പന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. ഏകദേശം 65 ടണ്ണിലധികം ചന്ദനമുട്ടികളാണ് അയാള്‍ കാട്ടില്‍ നിന്ന് കടത്തിയത്. ഇതിലൂടെ ഏകദേശം 143 കോടിയോളം രൂപ സമ്പാദിച്ചതായി കണക്കാക്കപ്പെടുന്നു. പണം ആവശ്യപ്പെട്ടും, തനിക്ക് പൊതുമാപ്പ് നല്‍കാന്‍ സര്‍ക്കാരുകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും വീരപ്പന്‍ പ്രമുഖരെ തട്ടിക്കൊണ്ടുപോയി. 2000-ത്തില്‍ കന്നഡ സിനിമാ ലോകത്തെ ഇതിഹാസ താരം രാജ്കുമാറിനെ കാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി 108 ദിവസമാണ് വീരപ്പന്‍ തടങ്കലില്‍ വെച്ചത്. പിന്നീട് കോടികള്‍ മോചനദ്രവ്യം വാങ്ങിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. 2002-ല്‍ മുന്‍ കര്‍ണാടക മന്ത്രിയായിരുന്ന എച്ച്. നാഗപ്പയെ തട്ടിക്കൊണ്ടുപോയെങ്കിലും ആവശ്യങ്ങള്‍ നടക്കാതെ വന്നതോടെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു!

വര്‍ഷങ്ങളോളം പോലീസിനെ വെട്ടിച്ച് കാട്ടില്‍ കഴിഞ്ഞ വീരപ്പനെ ഒടുവില്‍ 2004 ഒക്ടോബര്‍ 18-ന് തമിഴ്‌നാട് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ചീഫ് കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ എന്ന ദൗത്യത്തിലൂടെ വെടിവെച്ചുകൊല്ലുകയായിരുന്നു. വീരപ്പന്‍ ഇല്ലാതായിട്ടും സുകന്യ കേസില്‍നിന്ന് പിന്‍മാറിയില്ല. ഈ വ്യാജവാര്‍ത്ത സംപ്രഷണം ചെയ്തവര്‍ക്കും അതിന്റെ തുല്യ ഉത്തരവാദിത്വമുണ്ടെന്നായിരുന്നു അവരുടെ അവകാശവാദം.

കപ്പടാ മീശയുള്ള നക്കീരന്‍ ഗോപാല്‍ എന്ന മാധ്യമ പ്രവര്‍ത്തകനും 90കളില്‍ ഇന്ത്യ മാത്രമല്ല, ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അന്ന് അയാള്‍ക്ക് വീരപ്പനുമായി ചര്‍ച്ച നടത്തി നിരപരാധികളെ രക്ഷിച്ചെടുക്കുന്ന ഒരു മീഡിയേറ്ററുടെ റോളായിരുന്നു. പക്ഷേ പിന്നീട് അയാള്‍ വീരപ്പന്റെ ബിനാമി എന്നപേരില്‍ വിമര്‍ശിക്കപ്പെട്ടു. ഇവര്‍ തമ്മില്‍ ഒത്തുകളിക്കുകയാണെന്നും, വീരപ്പന്റെ ഒളിവുജീവിതത്തിന് ഗോപാല്‍ സഹായിയായി പ്രവര്‍ത്തിക്കുന്നുവെന്നും തമിഴ്‌നാട്-കര്‍ണാടക പോലീസും രാഷ്ട്രീയ എതിരാളികളും ആരോപിച്ചിരുന്നു.

വീരപ്പന്‍ ഒളിവിലിരുന്ന കാടുകളിലേക്ക് പോലീസിന് പോലും കടന്നുചെല്ലാന്‍ കഴിയാതിരുന്നപ്പോള്‍, നക്കീരന്‍ സംഘത്തിന് കൃത്യമായി അവിടെയെത്തി അഭിമുഖങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത് സംശയങ്ങള്‍ക്ക് വഴിവെച്ചു.2000-ല്‍ നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍, തമിഴ്‌നാട്-കര്‍ണാടക സര്‍ക്കാരുകള്‍ ഔദ്യോഗിക ദൂതനായി അയച്ചത് നക്കീരന്‍ ഗോപാലിനെയായിരുന്നു. എന്നാല്‍, ഈ സംഭവത്തിന് പിന്നാലെ ഇവര്‍ തമ്മില്‍ ക്രിമിനല്‍ ഒത്തുകളിയുണ്ടെന്ന് പോലീസ് ആരോപിച്ചു. 2003-ല്‍ ജയലളിത സര്‍ക്കാരിന്റെ കാലത്ത് പോട്ട നിയമപ്രകാരം നക്കീരന്‍ ഗോപാലിനെ അറസ്റ്റ് ചെയ്തു. വീരപ്പനും തമിഴ് തീവ്രവാദ സംഘടനകള്‍ക്കും ആയുധങ്ങളും വിവരങ്ങളും എത്തിച്ചുനല്‍കുന്ന ബിനാമി അല്ലെങ്കില്‍ ഇടനിലക്കാരനായി ഗോപാല്‍ പ്രവര്‍ത്തിച്ചു എന്നതായിരുന്നു പോലീസിന്റെ പ്രധാന ചാര്‍ജ്ജ്. മാസങ്ങളോളം അദ്ദേഹം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. എന്നാല്‍ പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയാണുണ്ടായത്.

1988-ല്‍ ഗോപാല്‍ ആരംഭിച്ച ‘നക്കീരന്‍’ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് മാഗസിനായിരുന്നു. 1993-ല്‍ നക്കീരന്റെ സേലം ഏരിയ റിപ്പോര്‍ട്ടറായ ശിവസുബ്രഹ്‌മണ്യനാണ് ജീവന്‍ പണയം വെച്ച് ആദ്യമായി കാട്ടില്‍ കയറി വീരപ്പന്റെ താവളം കണ്ടെത്തുന്നത്. മാധ്യമങ്ങള്‍ തനിക്കെതിരെ വലിയ രീതിയില്‍ നുണപ്രചാരണം നടത്തുന്നു എന്ന് വിശ്വസിച്ചിരുന്ന വീരപ്പന്, തന്റെ ഭാഗം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു മാധ്യമത്തെ ആവശ്യമായിരുന്നു. ശിവസുബ്രഹ്‌മണ്യന്‍ വഴി നക്കീരന്‍ ഗോപാല്‍ വീരപ്പനുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയും പിന്നീട് കാട്ടിലെത്തി ചരിത്രപ്രസിദ്ധമായ വീഡിയോ അഭിമുഖങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. അന്ന് ലക്ഷങ്ങള്‍ അടിച്ചിരുന്ന നക്കീരന്‍ മാസികയുടെ ക്രെഡിബിലിറ്റി പിന്നീട് ആരോപണങ്ങളോടെ നഷ്ടമായി. നക്കീരന്‍ ഗോപാല്‍ എന്ന ആര്‍.ആര്‍. ഗോപാല്‍ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. നിലവില്‍ 67 വയസ്സുള്ള അദ്ദേഹം ഇപ്പോഴും ചെന്നൈയില്‍ തന്റെ നക്കീരന്‍ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായി സജീവമായി തുടരുന്നു. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹം ഇപ്പോഴും തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുമുണ്ട്. വീരപ്പന്റെ കാട്ടുജീവിതത്തെയും നക്കീരന്‍ നടത്തിയ അഭിമുഖങ്ങളെയും പശ്ചാത്തലമാക്കി ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ‘കൂസ് മുനിസാമി വീരപ്പന്‍’ എന്ന ജനപ്രിയ ഡോക്യുമെന്ററി സീരീസിലും ഗോപാല്‍ വിപുലമായി സംസാരിക്കുന്നുണ്ട്.

സുകന്യയുടെ കേസ് വന്നപ്പോള്‍, സണ്‍ ടീവിയുടെ പിരടിക്ക് എല്ലാമിട്ട് തടിയൂരുകയാണ് നക്കീരന്‍ ഗോപാല്‍ ചെയ്തത്. താന്‍ നല്‍കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാനും ഒഴിവാക്കാനും സണ്‍ ടിവിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന ഗോപാലിന്റെ വാദം കോടതി കണക്കിലെടുത്തു. താന്‍ ആകെ 9 മണിക്കൂര്‍ നീണ്ട ദൃശ്യങ്ങളാണ് ചാനലിന് നല്‍കിയതെന്നും എന്നാല്‍ അതില്‍ നിന്ന് 4 മണിക്കൂര്‍ മാത്രമാണ് ചാനല്‍ സംപ്രേഷണം ചെയ്തതെന്നും ഗോപാല്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. സംപ്രേഷണ കരാര്‍ പ്രകാരം അഭിമുഖത്തിലെ ഏത് ഭാഗവും എഡിറ്റ് ചെയ്യാനോ ഉള്ള അണ്‍റെസ്ട്രിക്റ്റഡ് റൈറ്റ് സണ്‍ ടിവിക്ക് ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് കെ. കുമരേഷ് ബാബു വിധിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ കേസില്‍നിന്ന് നക്കീരന്‍ തടിയൂരി. പക്ഷേ നേരത്തെ നഷ്ടപ്പെട്ട നക്കീരന്റെ വിശ്യാസ്യതയിലെ അവസാനത്തെ ആണിയടിയായി ഈ കേസ് മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കടുത്ത നിയന്ത്രണം; അക്രഡിറ്റേഷൻ കാർഡുള്ളവരെയും ഗേറ്റിൽ തടയുന്നു

തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫിസ് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിത മേഖലയായ നോർത്ത് ബ്ലോക്കിലേക്ക്...

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് ട്രംപ്

വാഷിങ്ടൺ: അന്താരാഷ്ട്രതലത്തിൽ അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആർമിയുടെ പ്രമുഖ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതായി ഒഫീഷ്യൽ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടതായും...

തൃശ്ശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം; വിദ്യാലയ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണ് വാഹനങ്ങൾക്ക് നാശം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ അതിശക്തമായ മിന്നൽ ചുഴലിയിലും കനത്ത കാറ്റിലും വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് പലയിടങ്ങളിലും അപ്രതീക്ഷിതമായി...

ദേശീയ പാതയില്‍ മൂന്ന് കിലോമീറ്ററോളം വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി; കാരണം ഇതാണ്

കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞദിവസമാണ് ബസ്...

ശിവാജി പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാനനിമിഷമെന്ന് ഫഡ്നാവിസ്

മുംബൈ: മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന...

Popular this week