കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന സുഹൃത്ത് സുകാന്ത് സുരേഷ് കൊച്ചി ഡിസിപിക്കു മുന്നില്‍ കീഴടങ്ങി. സുകാന്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയതിനു പിന്നാലെയാണ് സുകാന്തിൻ്റെ കീഴടങ്ങല്‍. രണ്ട് മാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്നു സുകാന്ത്.
പുറത്തു വന്ന തെളിവുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി സുകാന്തിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.സ്‌നേഹത്തിൻ്റെ പേരില്‍ യുവതിയെ പ്രതി ചൂഷണം ചെയ്‌തു. മാനസികവും ശാരീരികവും സാമ്പത്തികവുമായാണ് പെൺകുട്ടിയെ പ്രതി ചൂഷണം ചെയ്‌തത്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സാപ് ചാറ്റുകള്‍ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.സുകാന്ത് സുരേഷ് ഒരേസമയം നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഡയറിയിലെ വാട്ട്സാപ് ചാറ്റ് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്ന സംഭവത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച കോടതി പൊലീസിൽ നിന്നാകാം ചാറ്റുകൾ ചോർന്നതെന്നും അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. വാട്‌സാപ് ചാറ്റുകൾ ചോർന്ന സംഭവം സുകാന്തിൻ്റെ അഭിഭാഷകൻ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
കഴിഞ്ഞ മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഐബിയിലെ ജോലിക്കാരനായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ നിന്ന് യുവാവ് പിന്മാറിയതിന്‍റെ മനോവിഷമത്തിലാണ് ഉദ്യോഗസ്ഥ ജീവനൊടുക്കിയതെന്നുമായിരുന്നു പേട്ട പൊലീസിൻ്റെ നിഗമനം. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.


