ചെന്നൈ:സിനിമാ രംഗത്ത് പൊതുവെ നായികമാര്‍ക്ക് ആയുസില്ല എന്നാണ് പറയപ്പെടുന്നത്. പഠനത്തിനും കല്യാണത്തിനും ഇടയിലുള്ള ചെറിയ ഗ്യാപ്പില്‍ അഭിനയിച്ചിട്ടു പോകുന്നവര്‍. എണ്‍പതുകളില്‍ പ്രത്യേകിച്ചു. എന്നാല്‍ ആ ഒരു ട്രെന്റിന്‍ പൂര്‍ണമായും പിഴിതെറിഞ്ഞ നടിയാണ് സുഹാസിനി മണിരത്‌നം. നാലു പതിറ്റാണ്ടിലേറെയായി തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുഹാസിനി. അതിനിടയില്‍ വെറും 20 മാസം മാത്രമാണ് കരിയറില്‍ നിന്ന് ബ്രേക്കെടുത്തത് എന്നാണ് സുഹാസിനി പറയുന്നത്.
1980 ല്‍ ആണ് സുസാഹിനി അഭിനയ രംഗത്തേക്ക് എത്തിയത്. 88 ല്‍ മണിരത്‌നവുമായിട്ടുള്ള വിവാഹം കഴിഞ്ഞു. അതിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു. ഗര്‍ഭിണിയായ പത്തു മാസം സിനിമയില്‍ നിന്ന് ബ്രേക്കെടുത്തു. തുടര്‍ന്ന് വീണ്ടും അഭിനയത്തില്‍ സജീവമായി. മകന് ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള സമയത്താണ് ആസ്മ വന്നത്. ആ സമയത്ത് അവനെ കൂടെ നിന്ന് പരിപാലിക്കണമായിരുന്നു. അന്നൊരു പത്തു മാസം ബ്രേക്കെടുത്തു. അത് മാത്രമാണ് കരിയറിലെ ബ്രേക്ക്.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ആളാണ് ഞാന്‍. കമല്‍ ഹസന്റെ ബന്ധുവാണ്, ചാരുഹസന്റെ മകളാണ്, മണിരത്‌നത്തിന്റെ ഭാര്യയാണ് എന്ന ഐഡന്റിറ്റിയൊന്നും ഞാനെന്ന വ്യക്തിയെ ബാധിക്കുന്നില്ല. ലക്ഷ്വറി എനിക്ക് പേടിയാണ്. ആഡംബര ജീവിതം എന്നെ ഭ്രമിപ്പിക്കാറില്ല.
സിനിമയുടെ ഏതെങ്കിലും ഒരു മേഖലയില്‍ സജീവമായി നില്‍ക്കണം എന്നു മാത്രമാണ് ഞാന്‍ എന്നും ആഗ്രഹിച്ചത്. മുന്‍പ് ഒരുപാട് അദ്വാനിച്ച് കുറച്ച് സമ്പാദിച്ചു, ഇപ്പോള്‍ കുറച്ച് അധ്വാനിച്ച് കുടുതല്‍ സമ്പാദിക്കാനാണ് ശ്രമിയ്ക്കുന്നത്.
സ്ത്രീകള്‍ വിവാഹ ശേഷം ജോലി ചെയ്യാതിരിക്കുന്ന ട്രെന്റ് മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്. എല്ലാ കാലത്തും നമ്മള്‍ മത്സരിക്കാറുണ്ട്, പഠനത്തില്‍ മുന്നിലെത്താന്‍, മറ്റ് കലാ പരിപാടികളില്‍ മുന്നിലെത്താന്‍, ജോലിയില്‍ എല്ലാം നമ്മള്‍ മത്സരിക്കും. വിവാഹ ശേഷം നല്ല ഭാര്യയാവാന്, നല്ല പാചകക്കാരിയാവാന്‍, നല്ല മരുമകളാവാന്‍, നല്ല അമ്മയാവാന്‍ എല്ലാം മത്സരിക്കും. എന്നാല്‍ അവസാനം എന്തു സംഭവിയ്ക്കും.
അന്‍പതിനു ശേഷം സ്ത്രീകള്‍ ശരിയായ ഭക്ഷണം കഴിക്കാതെ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ജീവിതം വെറുത്ത് അസുഖം വന്ന് മരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരാണ് അതിന് കാരണം, സ്ത്രീകള്‍ തന്നെയാണ്.
ജീവിതം മടുക്കാതെ മുന്നോട്ടു കൊണ്ടു പോവുക എന്നത് പ്രധാനമാണ്. ജോലിയ്ക്ക് പോകുന്ന അമ്മമാരെ കുറിച്ച് ചിലരെങ്കിലും മോശമായി സംസാരിക്കുമായിരിക്കും, അത് ഒരു കാതുകൊണ്ട് കേട്ട് മറ്റേ കാതുകൊണ്ട് തള്ളിക്കളയാനേ പാടുള്ളൂ- സുഹാസിനി പറഞ്ഞു.