CrimeFeaturedHome-bannerKeralaNews

സുധീഷ് വധക്കേസ്: ഒട്ടകം രാജേഷ് പിടിയില്‍

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. ദിവസങ്ങളോളം പോലീസിനെ വട്ടംകറക്കിയ ഇയാളെ തിങ്കളാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കൃത്യം നടന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് രാജേഷിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്. പോലീസ് സംഘം ഇയാളെ ഉടൻ കേരളത്തിലേക്ക് എത്തിക്കും.

ഒട്ടകം രാജേഷിനെ പലസ്ഥലത്തും കണ്ടെന്ന് അവകാശപ്പെട്ട് പോലീസിന് നേരത്തെ ലഭിച്ച സന്ദേശങ്ങളെല്ലാം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള തെറ്റായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്താൻ പോയ പോലീസ് സംഘമാണ് ശനിയാഴ്ച അഞ്ചുതെങ്ങ് കായലിൽ അപകടത്തിൽപ്പെട്ടത്. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പോലീസ് സേനാംഗം ബാലുവിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തിൽ ഒട്ടകം രാജേഷുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ചിരുന്ന വിവരം. ഇതേത്തുടർന്നാണ് പോലീസ് സംഘം തിരച്ചിലിന് പോകുകയും അപകടത്തിൽപ്പെടുകയും ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘം വീട്ടിൽ മക്കളുടെ മുന്നിൽവച്ച് സുധീഷിന്റെ കാൽ വെട്ടിയെടുത്തു. കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാൽ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടിൽ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകർത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടൻ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.

നാല് വർഷം മുമ്പ് എതിർഗുണ്ടാ സംഘത്തെ ആക്രമിക്കാനുള്ള പദ്ധതിക്കിടെ രാജേഷ് പിടിയിലായിരുന്നു. ചിറയിൻകീഴിൽ നിന്ന് ഷാഡോ പോലീസിന്റെ പിടിയിലായ ഒട്ടകം രാജേഷിന്റെ കയ്യിൽ നിന്ന് നാടൻ ബോംബുകളും വടിവാളുകളും അന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button