തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ റോഡില്‍ തടയുമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിപക്ഷ നേതാവിനെ ഒരു ഡിവൈഎഫ്‌ഐക്കാരനും തൊടില്ലെന്നും പറ്റുമെങ്കില്‍ തടയട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുയെന്ന് വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. പൊലീസുകാരുടെ അകമ്പടി ഇല്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കുമെന്നും തന്നെ തടയാമെന്നും വിഡി സതീശന്‍ പറഞ്ഞു.
വിഡി സതീശന്‍ പറഞ്ഞത്: ”പ്രതിപക്ഷ നേതാവിനെ തടയുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നു. യുഡിഎഫ് പ്രതിഷേധം തുടരും. വേണമെങ്കില്‍ തടയാം. ഞാന്‍ മുഖ്യമന്ത്രിയെ പോലെ പൊലീസിന്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കും. പിണറായി സര്‍ക്കാരിനെ രക്ഷപ്പെടുത്താനല്ല, കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എല്‍.ഡി.എഫ് കണ്‍വീനറുടെ വരവ്.”
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവും പുറത്തിറങ്ങില്ലെന്നാണ് കഴിഞ്ഞദിവസം ഇപി ജയരാജന്‍ പറഞ്ഞത്. കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും. ഇത്തരത്തിലുള്ള സമരത്തിനിറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുതെന്നും ഇപി ആവശ്യപ്പെട്ടിരുന്നു.