കുരുതിക്കളമായി സുഡാന്‍ : സ്ത്രീകളെയും കുട്ടികളെയും നിരത്തി നിര്‍ത്തി കൂട്ടക്കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; രണ്ടു ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായത് 2000 പേര്‍ക്ക്‌

ഖാര്‍ത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) നടത്തിയ കൂട്ടക്കൊലകളില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എല്‍ ഷാഫിര്‍ നഗരം അടുത്തിടെ വിമതര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന അതിക്രമങ്ങള്‍ ആരംഭിച്ചതെന്നും, ന്യൂനപക്ഷ വിഭാഗങ്ങളെയും എതിര്‍ക്കുന്നവരെയും ലക്ഷ്യമിട്ടാണ് കൊലപാതകങ്ങളെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. രാജ്യത്ത് നിലവില്‍ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഞെട്ടിക്കുന്ന വിഡിയോകളില്‍, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) ഭീകരമായി ആളുകളെ നിരത്തി നിര്‍ത്തി കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങള്‍ കാണാം. രണ്ടു ദിവസത്തിനുള്ളില്‍ മാത്രം ഏകദേശം 2,000 പേരെങ്കിലും ഈ ക്രൂരതയ്ക്ക് ഇരയായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗവും സുഡാനി അറബ് വംശജരാണെങ്കിലും, 5% ക്രിസ്ത്യാനികളും 5% പ്രാദേശിക ഗോത്രവിഭാഗക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് ആര്‍എസ്എഫ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

സുഡാനില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സൈന്യവും വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലവിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം. 2019ല്‍ ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയതിന് പിന്നാലെയാണ് സൈന്യത്തെ നയിക്കുന്ന ജനറല്‍ അബ്ദേല്‍ഫത്താഹ് അല്‍ ബുര്‍ഹാനും ആര്‍എസ്എഫിനെ നയിക്കുന്ന ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും (ഹെമെദ്തി) തമ്മില്‍ അധികാര തര്‍ക്കം ഉടലെടുത്തത്. ഈ അധികാര വടംവലി രാജ്യത്തെ കടുത്ത സംഘര്‍ഷത്തിലേക്ക് നയിച്ചിരിക്കുകയാണ്.

നിലവിലെ കണക്കുകള്‍ പ്രകാരം, ഈ സംഘര്‍ഷത്തില്‍ ഇതുവരെ ഒന്നര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. കൂടാതെ, 1.20 കോടിയിലധികം ആളുകള്‍ക്ക് ജീവന് വേണ്ടി വീടുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇത്തരം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളും നടന്നിട്ടും അന്താരാഷ്ട്ര തലത്തില്‍ കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തരകലാപം രൂക്ഷമായതോടെ കുരുതിക്കളങ്ങളാകുന്നത് ആശുപത്രികള്‍. ഡാര്‍ഫര്‍ മേഖലയിലെ സുഡാന്‍ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന എല്‍ ഫാഷര്‍ നഗരം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ഞടഎ) പിടിച്ചെടുത്തതിന് പിന്നാലെ നഗരത്തില്‍ വ്യാപകമായ കൂട്ടക്കൊലകള്‍ അരങ്ങേറി. എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയില്‍ ഉണ്ടായിരുന്ന 460 സാധാരണക്കാരെ ആര്‍ എസ് എഫ് കഴിഞ്ഞ ദിവസം കൂട്ടക്കൊല ചെയ്തിരുന്നു. നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാനത്തെ ആരോഗ്യ പരിചരണ കേന്ദ്രമായ സൗദി മെറ്റേണിറ്റി ആശുപത്രിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കഴിഞ്ഞ ദിവസം മാത്രം 2,000-ല്‍ അധികം സാധാരണക്കാരെ സായുധ വിമതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം.

ഒരുമാസത്തിനിടെ, നാലാമത്തെ തവണയാണ് ഞായറാഴ്ച ആശുപത്രി ആക്രമിക്കപ്പെട്ടതെന്നും, അന്ന് ഒരു നഴ്സ് കൊല്ലപ്പെടുകയും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ആശുപത്രിയുടെ തറയില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും തകര്‍ന്ന യന്ത്രസാമഗ്രികളും ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്നു. ‘ഞാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കനത്ത ഷെല്ലാക്രമണം നടന്നു. ഒരു മോര്‍ട്ടാര്‍ ആശുപത്രിയില്‍ പതിച്ചു. ഞാന്‍ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ ശരീരത്തിലെ മുറിവുകള്‍ തുറന്ന നിലയിലായിരുന്നു. എന്റെ ചുറ്റും എല്ലാവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു,’ ഗൈനക്കോളജിസ്റ്റായ ഡോ. സുഹിബ പറഞ്ഞു.

ആശുപത്രികള്‍ ‘മനുഷ്യരെ കശാപ്പുചെയ്യുന്ന ഇടങ്ങളായി മാറി’ എന്ന് സുഡാന്‍ ഡോക്ടേഴ്‌സ് നെറ്റ്വര്‍ക്ക് (SDN) ആരോപിച്ചു. നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ആരോഗ്യ പ്രവര്‍ത്തകരെ ആര്‍ എസ് എഫ് തട്ടിക്കൊണ്ടുപോയി. ഇവരെ മോചിപ്പിക്കാന്‍ 1.5 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും വിവരമുണ്ട്.

2023 ഏപ്രിലില്‍ സംഘര്‍ഷം തുടങ്ങിയതുമുതല്‍ അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആര്‍എസ്എഫ്-ഉം സഖ്യകക്ഷികളും ലക്ഷ്യമിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എല്‍ ഫാഷര്‍ ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലായതോടെ, അറബ് ഇതര വിഭാഗക്കാര്‍ ഉള്‍പ്പെടെ രണ്ടര ലക്ഷത്തിലധികം ആളുകള്‍ നഗരത്തില്‍ കുടുങ്ങി. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമുണ്ട്.

നിലവില്‍ ഡാര്‍ഫറും കോര്‍ദോഫാനും ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍പ്പെടെ മധ്യ-കിഴക്കന്‍ പ്രദേശങ്ങള്‍ സുഡാന്‍ സൈന്യത്തിന്റെ (SAF) നിയന്ത്രണത്തിലാണ്.2023 ഏപ്രില്‍ പകുതിയോടെയാണ് സുഡാനില്‍ സൈന്യവും ആര്‍ എസ് എഫ് വിഭാഗവും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News