‘ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്, വീണ്ടും കാണാം’ സുബി സുരേഷിൻ്റെ അവസാന വാക്കുകൾ

കൊച്ചി: നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയും ആരാധകരും. ടിവി ഷോകളിലൂടേയും സിനിമയിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സുബി കോമഡികളിലൂടെയാണ് കൂടുതല്‍ സ്വീകാര്യത നേടിയിട്ടുള്ളത്. സുബിയുടെ വിയോഗം അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്.

‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു.

കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ വിയോഗം. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 41 വയസ്സാണ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News