ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടങ്ങുന്നു; പേടകത്തിന്റെ വാതില്‍ അടച്ചു

ഭൂമിയിലേക്ക് മടങ്ങാന്‍ ശുഭാംശു ശുക്ല; പേടകത്തിന്റെ വാതില്‍ അടച്ചു, അണ്‍ഡോക്കിങ് ഉടന്‍

വാഷിംഗ്ടൺ : ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30-ന് ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍നിന്ന് അണ്‍ഡോക് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പേടകം കാലിഫോര്‍ണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തില്‍നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുക്ല അവിടെയായിരിക്കും.

അണ്‍ഡോക്ക് ചെയ്യുന്നതിനുമുമ്പ് പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എക്സ്പെഡിഷന്‍ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞര്‍ നാല്‍വര്‍സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു.

ആറ് രാജ്യങ്ങളില്‍നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ നേരത്തേ സംഘാംഗങ്ങള്‍ക്ക് വിരുന്നും നല്‍കിയിരുന്നു. മാമ്പഴംകൊണ്ടുള്ള മറാത്തിവിഭവമായ ആംരസും കാരറ്റ് ഹല്‍വയും ഉള്‍പ്പെട്ട വിരുന്നാണ് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News