24.6 C
Kottayam
Monday, May 20, 2024

സുബൈർ വധം: വെട്ടിയത് അഛൻ്റെ മുന്നിലിട്ട്,വീടിന് നേരെ മുമ്പ് ആക്രമണം നടന്നതായി സുബൈറിൻ്റെ മകൻ

Must read

പാലക്കാട്: അക്രമിസംഘത്തിലെ രണ്ട് പേരെ താൻ കണ്ടു എന്ന് പാലക്കാട് എലപ്പുള്ളി പാറയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പിതാവ് അബൂബക്കർ പറഞ്ഞു. ഇവർ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അബൂബക്കർ പറഞ്ഞു.

വീടിന് നേരെ ഇതിന് മുമ്പ് ആക്രമണം ഉണ്ടായിരുന്നതായി സുബൈറിൻ്റെ മകൻ സജാദ് പറഞ്ഞു. വീടിന് നേരെ ചിലർ കല്ലെറിഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഉപ്പയുടേത് വാഹനാപകടം എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു.

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടി . പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡ്രൈവർ ഉൾപ്പടെ 5 പേരാണ് കൊലയാളി സംഘത്തിലുള്ളത് എന്നാണ് പൊലീസിന് ലഭിച്ച സൂചന. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാർ കൊലയാളി സംഘം എലപ്പുള്ളിപാറയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week