തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം തീർത്ത പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടുകളെ വിറ്റ് പണം നൽകി സുബൈദ. കോവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാന സർക്കാരിന് കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപയാണ് ഇത്തവണ സുബൈദയുടെ സംഭാവന.
ആടിനെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുബൈദ ജില്ലാ കളക്ടർക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും സ്വന്തം ആടിനെ വിറ്റുതന്നെയാണ് സുബൈദയുടെ സഹായമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
പോർട്ട് കൊല്ലം സ്വദേശിനിയായ സുബൈദ കഴിഞ്ഞ വർഷം ഏപ്രിലിൽ ആടിനെ വിറ്റുകിട്ടിയ 5510 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നത്. സുബൈദയുടെ വാർത്തകണ്ട് കഴിഞ്ഞ വർഷം കോഴിക്കോട് ‘ആദാമിന്റെ ചായക്കട’ ഉടമ അനീസ് അഞ്ച് ആടുകളെ സുബൈദക്ക് സമ്മാനിച്ചിരുന്നു. വാർത്തകളിൽ നിറഞ്ഞ് താരമായതോടെ നിരവധി സഹായ വാഗ്ദാനങ്ങൾ തേടിയെത്തിയെങ്കിലും പലതും സുബൈദ സ്നേഹത്തോടെ നിരസിക്കുകയായിരുന്നു.