സുഭാഷ് വാസുവിനെ പുറത്താക്കുന്നു,എസ്.എന്‍.ഡിപിയ്ക്ക് പിന്നാലെ ബി.ഡി.ജെ.എസിലും പൊട്ടിത്തെറി
ആലപ്പുഴ:ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു.അച്ചടക്ക നടപടിക്ക് മുന്നോടിയായി വിശദീകരണം തേടാന്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
പാര്‍ട്ടിയെയും സമുദായത്തെയും സുഭാഷ് വാസു വഞ്ചിച്ചതായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മാവേലിക്കര എസ്എന്‍ഡിപി യൂണിയനില്‍ നിന്നുള്ള പുറത്താക്കലിന് പിന്നാലെ ആണ് ബിഡിജെഎസ് ഈ നടപടിക്ക് ഒരുങ്ങുന്നത്. തന്നെ വിദേശത്ത് ചെക്ക് കേസില്‍ പ്രതിയാക്കിയതില്‍ സുഭാഷ് വാസുവിന് പങ്കുണ്ടോയെന്ന് പഠിക്കണമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജി ആവശ്യപ്പെടും. സുഭാഷ് വാസുവിന്റെ കൂടുതല്‍ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരാന്‍ ഉണ്ടെന്നും തുഷാര്‍ മുന്നറിയിപ്പ് നല്‍കി .
മാവേലിക്കര വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിന്റെ പേരില്‍ 22 കോടി രൂപയാണ് സുഭാഷ് വാസു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ഈ തുക കൊണ്ട് പത്തനംതിട്ടയിലും മറ്റും സ്വന്തം പേരില്‍ ഭൂമി വാങ്ങിയതല്ലാതെ കോളജിന് വേണ്ടി ചിലവഴിച്ചില്ല. ഇതിന് പുറമെയാണ് മൈക്രോ ഫിനാന്‍സിലെയും എസ്.എന്‍.ഡി.പി യൂണിയനിലെയും സാമ്പത്തിക ക്രമക്കേടുകള്‍.