CrimeNationalNews

ഗേൾസ് സ്‌കൂളിൽ ഒരുമിച്ച് പഠനം,വിവാഹത്തിനായിലിംഗമാറ്റ ശസ്ത്രക്രിയ നടത്തി,ഒടുവിലെത്തിയത് ക്രൂരകൊലപാതകത്തില്‍

ചെന്നൈ: ഐ.ടി. ജീവനക്കാരിയെ സുഹൃത്തായ ട്രാന്‍സ്മാന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ മധുര സ്വദേശിനി നന്ദിനി(27)യെയാണ് സുഹൃത്തായ വെട്രിമാരന്‍(27) കൈകാലുകള്‍ കെട്ടിയിട്ടശേഷം തീകൊളുത്തികൊന്നത്. കേസില്‍ അറസ്റ്റിലായ വെട്രിമാരന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ശനിയാഴ്ചയാണ് ചെന്നൈ നഗരത്തിന് സമീപം പൊന്മാറില്‍ ആളൊഴിഞ്ഞസ്ഥലത്ത് നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ശരീരത്തില്‍ തീ ആളിപ്പടരുന്ന കാഴ്ചയായിരുന്നു. തുടര്‍ന്ന് തീയണച്ച് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെയാണ് നന്ദിനിയെ തീകൊളുത്തി കൊലപ്പെടുത്തിയത് സുഹൃത്തായ ട്രാന്‍സ്മാന്‍ വെട്രിമാരനാണെന്ന് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

നന്ദിനിയെ വിവാഹം കഴിക്കാനായാണ് വെട്രിമാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സുഹൃത്തായ വെട്രിമാരനുമായി നന്ദിനി ഇത്തരത്തിലുള്ള ബന്ധം ആഗ്രഹിച്ചിരുന്നില്ല. ഇതേച്ചൊല്ലി വഴക്കായതോടെ വെട്രിമാരനുമായി സംസാരിക്കുന്നതും നിര്‍ത്തി. ഇതിനുപുറമേ ഓഫീസിലെ സഹപ്രവര്‍ത്തകനുമായി നന്ദിനിക്ക് അടുപ്പമുണ്ടെന്ന സംശയവും പ്രതിക്ക് പകയ്ക്ക് കാരണമായി. തുടര്‍ന്നാണ് നന്ദിനിയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട നന്ദിനിയും പ്രതി പാണ്ടി മഹേശ്വരി എന്ന വെട്രിമാരനും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ 12-ാം ക്ലാസ് വരെ ഒരുമിച്ചായിരുന്നു ഇവരുടെ പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം നന്ദിനി ബി.എസ്.സി. ഐ.ടി. കോഴ്‌സിന് കോളേജില്‍ ചേര്‍ന്നു. വെട്രിമാരന്‍ മറ്റൊരു കോളേജിലും ഉന്നതപഠനം തുടര്‍ന്നു. കോളേജ് പഠനത്തിന് ശേഷമാണ് നന്ദിനി ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്.

വെട്രിമാരനും നന്ദിനിയും മറ്റൊരു പെണ്‍കുട്ടിയുമായിരുന്നു സ്‌കൂള്‍ കാലത്ത് ഏറ്റവും അടുത്ത കൂട്ടുകാര്‍. സ്‌കൂള്‍ പഠനത്തിന് ശേഷവും ഇവര്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. വെട്രിമാരന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയതോടെ സുഹൃത്തായ പെണ്‍കുട്ടിയും കുടുംബവും ഇയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. എന്നാല്‍, നന്ദിനി വെട്രിമാരനെ അകറ്റിനിര്‍ത്തിയില്ല. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാന്‍സ്മാന്‍ ആയ വെട്രിമാരനെ ഏറ്റവും അടുത്ത സുഹൃത്തായാണ് നന്ദിനി കരുതിയത്. പക്ഷേ, അതേ സുഹൃത്ത് തന്നെ നന്ദിനിയുടെ ഘാതകനായി മാറുകയായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ മഹേശ്വരിയെന്ന വെട്രിമാരനെ കുടുംബം വീട്ടില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് പലയിടത്തായാണ് വെട്രിമാരന്‍ ജീവിച്ചത്. എം.ബി.എ. ബിരുദധാരിയായ വെട്രിമാരന്‍ ഏറെക്കാലം ബെംഗളൂരുവില്‍ ജോലിചെയ്തു. ഇതിനുശേഷമാണ് ചെന്നൈയില്‍ എത്തിയത്.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വെട്രിമാരന്‍ പലതവണ നന്ദിനിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നന്ദിനിയെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, നന്ദിനി ഈ അഭ്യര്‍ഥനകളെല്ലാം നിരസിച്ചു. വെട്രിമാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചെങ്കിലും ഇയാളുമായുള്ള സൗഹൃദം യുവതി ഉപേക്ഷിച്ചിരുന്നില്ല. പക്ഷേ, നന്ദിനി ഏതെങ്കിലും ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ വെട്രിമാരന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഓഫീസിലെ സഹപ്രവര്‍ത്തകനൊപ്പം നന്ദിനിയെ പലതവണ കണ്ടതും പ്രതിയുടെ സംശയത്തിനിടയാക്കി. ഇതേച്ചൊല്ലി നന്ദിനിയുമായി വഴക്കിട്ടു. ഇതോടെ നന്ദിനിയും വെട്രിമാരനുമായി സംസാരിക്കുന്നത് പോലും നിര്‍ത്തി.

ഡിസംബര്‍ 24-നായിരുന്നു നന്ദിനിയുടെ പിറന്നാള്‍. ഇതിനുതലേവദിവസമാണ് വെട്രിമാരന്‍ വീണ്ടും നന്ദിനിയെ ഫോണില്‍ വിളിച്ചത്. ഇനി വഴക്കിടില്ലെന്നും പിറന്നാളിന് ഒരു സര്‍പ്രൈസ് സമ്മാനം ഒരുക്കിയിട്ടുണ്ടെന്നും നേരില്‍ കാണണമെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. സുഹൃത്തിനെ വിശ്വസിച്ച നന്ദിനി ശനിയാഴ്ച നേരില്‍കാണാമെന്ന് ഉറപ്പുംനല്‍കി.

ചെന്നൈയില്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു നന്ദിനിയുടെ താമസം. ശനിയാഴ്ച ഇവിടെനിന്നാണ് വെട്രിമാരനെ കാണാനായി പോയത്. പിറന്നാളായതിനാല്‍ ഇരുവരും ഒരുമിച്ച് ക്ഷേത്രത്തിലും അനാഥാലയങ്ങളിലും സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. നന്ദിനിക്കായി പ്രതി വസ്ത്രങ്ങളും വാങ്ങിനല്‍കി. തുടര്‍ന്നാണ് കൊലപാതകം നടന്ന പൊന്മാര്‍ മേഖലയിലേക്ക് പ്രതി യുവതിയെ കൂട്ടിക്കൊണ്ടുപോയത്.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ സര്‍പ്രൈസ് സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് പ്രതി നന്ദിനിയെ കബളിപ്പിച്ചത്. ഇതിനായി ആദ്യം യുവതിയുടെ കണ്ണുകെട്ടി. എന്നാല്‍, സമ്മാനം പ്രതീക്ഷിച്ചിരുന്ന നന്ദിനിക്ക് പിന്നീട് നേരിടേണ്ടിവന്നതെല്ലാം സമാനതകളില്ലാത്ത ക്രൂരതയായിരുന്നു.

കണ്ണുകെട്ടിയതിന് പിന്നാലെ നന്ദിനിയുടെ കൈകാലുകള്‍ കെട്ടിയിട്ടുകയാണ് പ്രതി ചെയ്തത്. പിന്നാലെ കൈയിലും കാലിലും മുറിവുണ്ടാക്കി. ഒന്നുംചെയ്യല്ലേയെന്ന് നന്ദിനി കരഞ്ഞുപറഞ്ഞിട്ടും വെട്രിമാരന്‍ ചെവികൊണ്ടില്ല. തുടര്‍ന്ന് നന്ദിനിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ജോലി കഴിഞ്ഞെത്തിയാല്‍ എല്ലാദിവസവും മധുരയിലെ വീട്ടുകാരുമായി നന്ദിനി ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. പക്ഷേ, കഴിഞ്ഞദിവസം നന്ദിനിയുടെ വിശേഷങ്ങളറിയാനായി കാത്തിരുന്ന കുടുംബാംഗങ്ങളെ തേടിയെത്തിയത് പോലീസിന്റെ ഫോണ്‍വിളിയായിരുന്നു. ആദ്യം നന്ദിനിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഫോണില്‍വിളിച്ച പോലീസുകാരന്‍ സഹോദരിയായ അമുദയോട് ചോദിച്ചറിഞ്ഞത്. ഇതോടെ സഹോദരിക്ക് എന്തോ സംഭവിച്ചെന്ന് തോന്നിയെങ്കിലും അവളെ അതിക്രൂരമായി കൊലപ്പെടുത്തിയതാകുമെന്ന് അമുദ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോലീസിന്റെ ഫോണ്‍വിളിയില്‍ ആശങ്കയിലായ അമുദ എന്താണ് സംഭവമെന്ന് ആവര്‍ത്തിച്ച് ചോദിച്ചതോടെയാണ് പോലീസുകാരന്‍ നന്ദിനി മരിച്ചെന്ന വിവരം അറിയിച്ചത്.

‘വെട്രിമാരന്‍ മധുരയില്‍ വരുമ്പോഴെല്ലാം ഞങ്ങളുടെ വീട്ടിലും വരാറുണ്ടായിരുന്നു. എന്റെ കൈകൊണ്ടാണ് അവന് ഭക്ഷണം നല്‍കിയിരുന്നത്’, അടുത്ത സുഹൃത്ത് തന്നെ സഹോദരിയുടെ ജീവനെടുത്തെന്ന് വിശ്വസിക്കാനാകാതെ അമുദ പറഞ്ഞു.ട്രാന്‍സ്മാന്‍ ആയതിന് പിന്നാലെ എല്ലാവരും വെട്രിമാരനുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴും നന്ദിനി സൗഹൃദം തുടര്‍ന്നതായാണ് സഹോദരി പറയുന്നത്. 2019-ല്‍ വെട്രിമാരന്‍ മധുരയില്‍നിന്ന് പോയെന്നും സഹോദരി പറഞ്ഞു.

മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് മകള്‍ വെട്രിമാരനുമായി സൗഹൃദം തുടര്‍ന്നതെന്നായിരുന്നു നന്ദിനിയുടെ അച്ഛന്‍ രവീന്ദ്രന്റെ പ്രതികരണം. വെട്രിമാരനുമായുള്ള സൗഹൃദത്തില്‍ കുടുംബത്തിനും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൂട്ടുകാരനായ വെട്രിമാരന് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടെന്നോ ശല്യമുണ്ടായിരുന്നതായോ മകള്‍ ഇതുവരെ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നന്ദിനിയെ കൊലപ്പെടുത്താനായി വെട്രിമാരന്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായാണ് പോലീസിന്റെ വിശദീകരണം. ഒരാഴ്ചയോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതി നന്ദിനിയെ വകവരുത്തിയത്. സംഭവദിവസം മുഴുവന്‍ പ്രതി നന്ദിനിക്കൊപ്പമായിരുന്നു. പിറന്നാളിന്റെ ഭാഗമായി യുവതിയെ ക്ഷേത്രത്തില്‍ കൊണ്ടുപോയതും അനാഥാലയം സന്ദര്‍ശിക്കാനായി കൂട്ടിക്കൊണ്ടുപോയതും വെട്രിമാരനായിരുന്നു. പ്രതിയെ പൂര്‍ണമായും വിശ്വസിച്ചിരുന്നതിനാല്‍ ഇയാളുടെ നീക്കങ്ങളിലൊന്നും നന്ദിനിക്ക് യാതൊരു സംശയവും തോന്നിയില്ലെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button