തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സുംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രംപതിച്ച ടീ-ഷർട്ട്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മെഗാ സൂംബയ്ക്കാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിപ്പിച്ച ടീ ഷർട്ട് വിതരണം ചെയ്തത്.
സംഭവത്തിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാർഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നോ ഡ്രഗ്സ് എന്നെഴുതിയ ചുവന്ന ടീ-ഷർട്ടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കിയത്.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെയും വിദ്യാർഥികളുടെ അക്കാദമികേതര കഴിവുകൾ പരിപോഷിക്കുന്നതിന്റെയും ഭാഗമായാണ് ആരോഗ്യ – കായിക വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ പരിപാടിയാണ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകുന്നേരം നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണിത്.

