തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ പൊതു പരീക്ഷ ചോദ്യപേപ്പറുകള്‍ ഇനി കുട്ടികള്‍ വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
മാറുന്ന കാലത്തിനനുസരിച്ച് മൂല്യനിര്‍ണ്ണയവും മാറണം, ഇതാണ് കേരള മോഡല്‍ എന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ വിലയിരുത്തലിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വരുന്ന വര്‍ഷങ്ങളില്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ പുനര്‍രൂപീകരിക്കാന്‍ ഉപയോഗിക്കും.
“വിദ്യാഭ്യാസത്തില്‍ ആദ്യത്തേയും അവസാനത്തേയും വാക്ക് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കണം. മാറുന്ന കാലത്തിനനുസരിച്ച് മൂല്യനിര്‍ണ്ണയവും മാറണം. ഇതാണ് കേരള മോഡല്‍”, എന്നാണ് മന്ത്രിയുടെ ട്വീറ്റ്. രാജ്യത്ത് തന്നെ ആദ്യമായി ആയിരിക്കും പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ കുട്ടികള്‍ വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പരീക്ഷകള്‍ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമാണ് വിലയിരുത്തി വന്നത്. ഈ ശൈലിയില്‍ നിന്നുള്ള വിപ്ലവാത്മക മാറ്റത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറെടുക്കുന്നത്. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ വിപുലീകരിക്കും.പാഠ്യപദ്ധതി പരിഷ്കരണ വേളയില്‍ മൂല്യനിര്‍ണയ രീതിയും കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ പരിഷ്ക്കപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.