NationalNews

വിദ്യാർത്ഥിയുടെ മുഖത്തടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

ലക്നൌ : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. 

ഏറെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുസാഫിർ നഗറിൽ നിന്നും പുറത്ത് വന്നത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികൾ തല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒപ്പം പഠിക്കുന്ന കുട്ടികളുടെ മർദ്ദനമേറ്റ് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് രാജ്യം കണ്ടെത്.

ഈ ദൃശ്യം പുറത്ത് വിട്ടതിനാണ് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്. കുട്ടിയെ തിരിച്ചറിയുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്ഐഐറിലുള്ളതെന്നതും ശ്രദ്ധേയമാണ്. 

അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ സഹപാഠികള്‍ തല്ലിയെന്നാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നിസാര സംഭവമെന്ന് അധ്യാപിക ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍, തനിക്കേറ്റത് ക്രൂരമര്‍ദ്ദനമെന്നാണ് കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി.

മര്‍ദ്ദിച്ചവരോട് കൂടുതല്‍ കടുപ്പത്തില്‍ വീണ്ടും വീണ്ടും അടിക്കാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂറോളം ക്രൂരത നേരിടേണ്ടി വന്നെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. അഞ്ചിന്‍റെ ഗുണനപട്ടിക പഠിക്കാതെ വന്നതിലാണ് അധ്യാപിക പ്രകോപിതയായത്. അവധി ദിവസങ്ങളുടെ കണക്ക് നിരത്തി പഠിക്കാത്തത് ചോദ്യം ചെയ്തു.

സ്കൂളില്‍ മറ്റൊരാവശ്യത്തിന് എത്തിയ തന്‍റെ ബന്ധുവാണ് ദൃശ്യങ്ങളെടുത്തതെന്നും കുട്ടി പറഞ്ഞു. പരാതിക്കാരനായ കുട്ടിയുടെ അച്ഛന്‍റെയും മൊഴിയെടുത്തിരുന്നു. വര്‍ഗീയ അധിക്ഷേപം നടത്തി അധ്യാപിക സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണോയെന്ന് പരിശോധിക്കുന്നുണ്ടെന്നാണ് പൊലീസ് അവകാശവാദം.

എന്നാൽ ക്രൂര ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും, ജാമ്യം കിട്ടാവുന്ന ദുര്‍ബല വകുപ്പുകളാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപികക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്ന ആവശ്യം ശക്തമാണ്. കുട്ടിയുടെ രക്ഷിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ശിക്ഷിക്കുകയായിരുന്നുവെന്നാണ് അധ്യാപിക പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ജനരോഷം ഭയന്ന് അധ്യാപിക വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button