വിജയപുര (കര്‍ണാടക): നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞ് (vermilion) എത്തിയ ആളെ കോളേജില്‍ (College) പ്രവേശിപ്പിച്ചില്ല. കര്‍ണാടക വിജയപുരയിലെ (Vijayapura) കോളേജ് അധികൃതരാണ് സിന്ദൂരമണിഞ്ഞെത്തിയ ആളെ തടഞ്ഞത്. കോളേജില്‍ പ്രവേശിക്കണമെങ്കില്‍ കുറി മായ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കോളേജില്‍ പ്രവേശിക്കാന്‍ ആദ്യം സിന്ദൂരക്കുറി മായ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയെ അധ്യാപകര്‍ ഗേറ്റിന് സമീപം തടഞ്ഞു. ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്‌നമാണെന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയോട് പറഞ്ഞു. തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്തെ ഹിജാബ് വിവാദത്തെ തുടർന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹിജാബ്, കാവി സ്‌കാര്‍ഫുകളുടെ ഉപയോഗത്തിന് സ്‌കൂളുകളിലും കോളേജുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കുറിയിടുന്നത് സംബന്ധിച്ച് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.
ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, നെറ്റിയിലെ കുറി, വളകള്‍, സിഖുകാര്‍ ധരിക്കുന്ന തലപ്പാവ്, രുദ്രാക്ഷം എന്നിവയെപ്പോലെ ഹിജാബ് നിഷ്‌കളങ്കമായ ഒരു മതാചാരമാണെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.
ഹിജാബ് നിരോധവുമായി (Hijab Ban) ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്ന് സര്‍ക്കാര്‍ (Karnataka Government) ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും, ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദിവസങ്ങളായി കർണാടക ഹൈക്കോടതിയിൽ വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി. ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാനുള്ളതിനാൽ വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.