ആലപ്പുഴ: കാട്ടൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രജിത് മനോജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും എസ്എഫ്ഐയും രംഗത്തെത്തി. പ്രജിത് പഠിച്ച ഹോളി ഫാമിലി വിസിറ്റേഷൻ സ്കൂളിലേക്ക് ചിതാഭസ്മവുമായി ബന്ധുക്കൾ മാർച്ച് നടത്തി.
എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. പ്രജിത് മനോജിന്റെ മരണത്തിൽ സ്കൂൾ അധികൃതർക്ക് പങ്കുണ്ടെന്ന് കാട്ടി പരാതി നൽകിയതിന് പിന്നാലെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മാർച്ച് നടത്തിയത്.
പ്രജിത്തിന്റെ സഞ്ചയന ദിവസമായ ഇന്ന് ചിതാഭസ്മവുമായി എത്തിയാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. പൊലീസ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രതിഷേധം അവസാനിപ്പിക്കാൻ ബന്ധുക്കൾ തയ്യാറായത്.
കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ് പിന്നീട് എസ്എഫ്ഐയും പ്രതിഷേധ മാർച്ചുമായി എത്തിയത്. പൊലീസ് ബാരിക്കേഡുകൾ തകർത്തു സ്കൂളിലേക്ക് ചാടി കയറാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് തടഞ്ഞത്.
പ്രജിത്തിന്റെ മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണെങ്കിലും സ്കൂൾ അധികൃതർ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്കൂളിന് ഇന്ന് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ സ്വീകരണ മുറിയിൽ പ്രജിത്ത് തൂങ്ങി മരിച്ചത്. അന്നേദിവസം പ്രജിത്തിനെ അധ്യാപകർ മർദ്ദിച്ചതും മാനസികമായി പീഡിപ്പിച്ചതും ആണ് ആത്മഹത്യയുടെ കാരണമെന്ന് വിദ്യാർത്ഥിയുടെ സഹപാഠികൾ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകർക്ക് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)