മൊബൈൽ കൊണ്ടുവന്നതിന് വിദ്യാർഥിനിയെ വിവസ്ത്രയാക്കി;പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു


മൈസൂരു:ക്ലാസ്മുറിയിൽ മൊബൈൽഫോൺ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാർഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. സംഭവം വിവാദമായതിനെത്തുടർന്ന് പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനൻഗൊരു ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം.

മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക സ്നേഹലത വിദ്യാർഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. വസ്ത്രം അഴിച്ചില്ലെങ്കിൽ ആൺകുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മൊബൈൽ കൊണ്ടുവന്നതിന് വിദ്യാർഥിനി മാപ്പുപറഞ്ഞെങ്കിലും പ്രധാനാധ്യാപിക കൂട്ടാക്കിയില്ല.

സ്കൂൾ വിട്ടശേഷം വിദ്യാർഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം ശ്രീരംഗപട്ടണ തഹസിൽദാർ ശ്വേത രവീന്ദ്ര സ്കൂളിലെത്തി വിദ്യാർഥിനിയിൽനിന്നും മറ്റു കുട്ടികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷമാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ രഘുനന്ദൻ പറഞ്ഞു. സംഭവം പോക്സോ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതിനാൽ പ്രധാനാധ്യാപികയ്ക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News