അച്ഛന്റെ പേര് ഇമ്രാന്‍ ഹാഷ്മി, അമ്മയുടെ പേര് സണ്ണി ലിയോണി. ബിഹാറിലെ ഭിം റാവു അംബേദ്കര്‍ സര്‍വകലാശാലയിലെ അധികൃതര്‍ വിദ്യാര്‍ത്ഥി നല്‍കിയ വിവരങ്ങള്‍ കണ്ട് ആദ്യം കണ്ണ് തള്ളി. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഡ്മിറ്റ് കാര്‍ഡില്‍ രക്ഷിതാക്കളുടെ പേര് ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണിയുടേയും ഇമ്രാന്‍ ഹാഷ്മിയുടേതും നല്‍കിയത്.
ബിഹാറിലെ ധന്‍രാജ് മാതോ ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിയാണ് അഡ്മിറ്റ് കാര്‍ഡില്‍ താരങ്ങളുടെ പേര് നല്‍കിയത്. കാര്‍ഡില്‍ അച്ഛന്റെ പേര് നല്‍കേണ്ട കോളത്തില്‍ ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ കോളത്തില്‍ സണ്ണി ലിയോണിയുടേയും പേര് ചേര്‍ക്കുകയായിരുന്നു. പ്രമുഖ നടീനടന്മാരാണെങ്കിലും വിദ്യാര്‍ത്ഥി നല്‍കിയ പേരില്‍ മുഴുവന് അക്ഷരതെറ്റായിരുന്നു. സംഭവമെന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇമ്രാന്‍ ഹാഷ്മി തന്നെ വാര്‍ത്തയോട് പ്രതികരിച്ചത് ഏറെ രസകരമായിട്ടാണ്. ‘ഞാന്‍ ആണയിട്ട് പറയുന്നത് ആ അച്ഛന്‍ ഞാനല്ല’ എന്നാണ് വാര്‍ത്തയോട് പ്രതികരിച്ച് ഇമ്രാന്‍ ഹാഷ്മി തമാശ രൂപേണ ട്വിറ്റ് ചെയ്തത്.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. വിദ്യാര്‍ത്ഥി തന്നെ ഒപ്പിച്ച വികൃതിയായിരിക്കും എന്നാണ് കരുതുന്നതെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ രാം കൃഷ്ണ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയ ആധാര്‍ നമ്പരും മൊബൈല്‍ നമ്പരും ഉപയോഗിച്ച് ആരാണ് ഇത്തരമൊരു ‘വികൃതി’ ഒപ്പിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.