സ്‌കൂളിലെ സാമ്പാര്‍ പാത്രത്തില്‍ കാല്‍തെറ്റി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തില്‍ വീണു വിദ്യാര്‍ഥി മരിച്ചു. പാന്യം നഗരത്തിലെ വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി എന്ന ആറു വയസുകാരനാണു മരിച്ചത്. ഉച്ചഭക്ഷണ ഇടവേളയില്‍ ഓടുന്നതിനിടെ കാല്‍വഴുതി സാമ്പാര്‍ പാത്രത്തിലേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകനാണു പുരുഷോത്തം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണു സംഭവം. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.