കൊല്ലത്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം പീഡനത്തെ തുടര്‍ന്ന്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊല്ലം: കൊല്ലം കടയ്ക്കലില്‍ ദളിത് സമുദായത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കടയ്ക്കല്‍ പോലീസ് വിമുഖത കാണിക്കുന്നുവെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി.
ജനുവരി മാസം ഇരുപത്തി മൂന്നാം തീയതിയാണ് ദളിത് സമുദായത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ റൂമിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ കുട്ടിയെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ ബന്ധുക്കളുള്‍പ്പടെയുള്ളവരെ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് മുഖ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ഡിജിപിക്കും, എസ് സി/എസ്ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. അന്വേഷണം ശരിയായ ദിശയിലാണെന്നും, ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകളുള്‍പ്പടെ നടന്നുവരികയാണെന്നുമാണ് പോലീസ് പറയുന്നത്. പ്രതി ഉടന്‍ പോലീസിന്റെ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.