കൊച്ചി: വിദ്യാർഥിനിയെ കടന്നു പിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിൻഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
ഇക്കഴിഞ്ഞ മാർച്ചിൽ സർവകലാശാല കലോത്സവം നടക്കുന്നതിനിടെ ക്യാമ്പസിൽ വച്ച് ബേബി തന്നെ കടന്നുപിടിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി. ഏറെ നേരത്തെ തന്നെ സംഭവം വിവാദമായിരുന്നെങ്കിലും ബേബിക്കെതിരെ നടപടിയെടുക്കാൻ സർവ്വകലാശാല തയ്യാറായിരുന്നില്ല. ബേബിക്ക് അനുകൂലമായ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി സർവകലാശാലയ്ക്ക് രേഖാ മൂലം പരാതി നൽകുകയായിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിശോധിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിക്കാണ് പെൺകുട്ടി പരാതി നൽകിയത്. ഈ പരാതി സർവകലാശാല പോലീസിന് കൈമാറി. പിന്നാലെ കളമശേരി പൊലീസ് പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തു. ബേബിയെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കോലം കത്തിച്ച് പ്രതിഷേധിച്ചു.