KeralaNews

സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നാണ് വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

പിന്നീട് 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും. 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.

കൊവിഡ് സാഹചര്യത്തില്‍ ഫലം വരുന്നത് അഞ്ച് സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.

രാവിലെ എട്ടു മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയാല്‍ 15 മിനിറ്റിനുള്ളില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. രാവിലെ പത്തോടെ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അതോടെ ട്രെന്‍ഡ് അറിയാം. ഉച്ചയ്ക്കു മുമ്പുതന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തീരും. എന്നാല്‍, തപാല്‍ വോട്ടുകള്‍ കൂടി എണ്ണിത്തീരേണ്ടതിനാല്‍ ചെറിയ ഭൂരിപക്ഷമുള്ളവരുടെ വിജയം വ്യക്തമായി പറയാനാവില്ല. സംസ്ഥാനത്തെ 106 മണ്ഡലങ്ങളില്‍ 4,000 5,000 വരെ തപാല്‍ വോട്ടുകളുണ്ട്. അത്തരം സാഹചര്യത്തില്‍ അങ്ങനെയുള്ളവരുടെ അന്തിമഫലം വൈകിയേക്കും.

തപാല്‍ വോട്ടുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ഒരു തപാല്‍ വോട്ട് എണ്ണാന്‍ 40 സെക്കന്‍ഡ് വേണ്ടി വരും. മുഴുവന്‍ തപാല്‍വോട്ടുകളും എണ്ണിത്തീരാന്‍ ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. വൈകുന്നേരത്തോടെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകും. ഇവിഎമ്മുകളുടെ ഫലം ഓരോ പത്തു മിനിറ്റിലും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയാല്‍ സമയം പിന്നെയും നീളും. ഇത്തവണ എല്ലാവര്‍ക്കും വീട്ടിലിരുന്നു മാത്രമേ ഫലം നിരീക്ഷിക്കാന്‍ കഴിയൂ. ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button