തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. കെഎസ്ആര്‍ടി ഇന്നും നിരത്തിലിറങ്ങിയില്ല. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളും അടഞ്ഞാണ് കിടക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും ഇന്ന് ഭൂരിഭാഗം പമ്പുകളും തുറന്നിട്ടില്ല. എറണാകുളം ജില്ലയില്‍ ബിപിസിഎല്ലിന് മുന്നില്‍ തൊഴിലാളികളുടെ വാഹനം തടഞ്ഞ് സമരാനുകൂലികള്‍ പ്രതിഷേധിച്ചു.
അതിനിടെ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്‍ ഉത്തരവിട്ടു. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദേശം. ഓഫിസുകള്‍ക്ക് മുന്നിലെ അനാവശ്യ ജനക്കൂട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ വിവിധ വകുപ്പുകളുടെ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ സിഐടിയു രംഗത്തെത്തി. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ടെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സമിതി പലപ്പോഴും സമരവിരോധികളാണ്. നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ല. കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേയെന്നും ആനത്തലവട്ടം ചോദിച്ചു.
ബിഎംസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. തൊഴില്‍ കോഡ് റദ്ദാക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.