ന്യൂഡല്‍ഹി:ഇന്‍കം ടാക്‌സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് വരുന്ന വ്യാജസന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പുമായി പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ അഞ്ച് പ്രധാന ബാങ്കുകളുടെ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നുവെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള സൈബര്‍ പീസ് ഫൗണ്ടേഷനും സൈബര്‍ സുരക്ഷ സേവന സ്ഥാപനമായ ഓട്ടോബോട്ട് ഇന്‍ഫോസെക്കും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിട്ടുള്ളത്. ഈ ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ച് പണം തട്ടാനാണ് നീക്കം. വ്യക്തിഗത വിവരങ്ങള്‍ നല്‍കി തട്ടിപ്പിന് ഇരയാവരുതെന്നാണ് സൈബര്‍ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ഇന്‍കം ടാക്‌സ് റീഫണ്ട് സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിക്കാനാണ് ടെക്സ്റ്റ് മെസേജിലെ ഉള്ളടക്കം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിന് സമാനമായ വ്യാജ വെബ്‌സൈറ്റാണ് ലഭിക്കുന്നത്.