കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌ക്കൾ കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണു നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
നിലത്തു വീണ കുട്ടിയെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കടിച്ചുപരുക്കേൽപിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ എത്തിയതോടെയാണ് തെരുവുനായ്ക്കൾ പോയത്. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം ചാത്തിനാംകുളത്ത് പത്താംക്ലാസ് വിദ്യാർഥിക്കും തെരുവുനായയുടെ കടിയേറ്റു. പരുക്കേറ്റ ആതിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏതാനും ദിവസം മുൻപാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചത്. തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്തുനിന്ന് 31 തെരുവുനായ്ക്കളെ പിടികൂടി. തന്റെ മകനുണ്ടായ അനുഭവം ഇനി മറ്റൊരാൾക്കും വരാതിരിക്കാൻ അക്രമകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള നടപടി വേണമെന്ന് മരിച്ച നിഹാലിന്റെ പിതാവ് നൗഷാദ് ആവശ്യപ്പെട്ടിരുന്നു.