തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എബിസി പദ്ധതി നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും തെരുവ് നായ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനങ്ങൾ നടപ്പിലാക്കുക. സര്‍ക്കാരിന്റെ നേതൃത്വത്തിൽ, കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു.
കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തിൽ ഏകോപനം നിവ്വഹിക്കുക. മാലിന്യം നീക്കാൻ കർശന നടപടിയെടുക്കണം. ഹോട്ടലുകൾ, കല്യാണ മണ്ഡപം, മാസ വ്യാപാരികൾ അടക്കമുള്ളവരുടെ യോഗം ജില്ലാടിസ്ഥാനത്തിൽ വിളിച്ച് ചേര്‍ക്കണം. ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണം.
ക്ലീൻ കേരളാ കമ്പനി വഴി മാലിന്യം സംസ്ക്കരിക്കണം. എംഎൽഎമാരുടെ കൂടി നേതൃത്വത്തിൽ മണ്ഡലം തല യോഗം വിളിക്കണം. തെരുവുനായ പ്രശ്നം വേഗത്തിൽ തന്നെ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രിമാരായ എംബി രാജേഷും കെ രാജനും വിശദീകരിച്ചു. ഷെൽറ്റര്‍, വാക്സിനേഷൻ, എബിസി പദ്ധതിയടക്കം ദിവസേനെ നടപ്പാക്കും. അത് ബന്ധപ്പെട്ടവര്‍ ദിവസേനെ മോണിറ്റര്‍ ചെയ്യണമെന്നും മന്ത്രി രാജേഷ് നിര്‍ദ്ദേശിച്ചു.
തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനടക്കം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കും. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കും. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കം.
ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് കൊണ്ടുവന്നാൽ 500 രൂപ പാരിതോഷികം നൽകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്സിനേഷൻ നൽകാനുള്ള സാധ്യതയും പരിശോധിക്കും. നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പിലാക്കാൻ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാൻ നടപടി സ്വീകരിക്കും. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും. നിലവിൽ 37 എബിസി കേന്ദ്രങ്ങൾ തയ്യാറാണ്. 152 എണ്ണം കൂടി ഉടൻ തയ്യാറാക്കുമെന്നും മന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു.
ആകെ മൂന്ന് ലക്ഷം തെരുവ് നായകൾ കേരളത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിദിനം പതിനായിരം നായകൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹായം തേടും. പഞ്ചായത്ത് തലത്തിൽ ഷെൽട്ടർ ഹോമുകൾ തുടങ്ങും. കുമിഞ്ഞ് കൂടികിടക്കുന്ന മാലിന്യങ്ങൾ നീക്കും. തെരുവ് നായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ ഹോട്ട്സ്പോട്ടാക്കി പ്രത്യേക ശ്രദ്ധ നൽകും. സ്കൂളുകൾ കേന്ദ്രീകരിച്ചും വാക്സിന്ഷൻ നടത്തും. ഉടമസ്ഥരില്ലാത്ത നായകളെ വാക്സിനേഷന് എത്തിച്ചാൽ 500 രൂപ വീതം പാരിതോഷികമായി നൽകും. ലോക് ഡൗണ് കാലത്ത് മനുഷ്യസമീപ്യമില്ലാതെ വളർന്ന നായകളാണ് സമീപകാലത്തെ ആക്രമണങ്ങൾക്ക് കാരണമെന്നാണ് നിഗമനം.