കൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി വനിതാ ശിശുവികസന സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സന്നദ്ധ സംഘടനയായ ദിശ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എജെ ദേശായിയും ജസ്റ്റിസ് വിജി അരുണും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
ചിറയ്ക്കല്‍ പെരുങ്കളിയാട്ടതിന്റെ ഭാഗമായി നടത്തുന്ന ഒറ്റക്കോലം തെയ്യത്തില്‍ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലില്‍ എടുത്തെറിയാറുണ്ട് എന്ന് സന്നദ്ധ സംഘടനയായ ദിശ കോടതിയില്‍ അറിയിച്ചു. തുടർന്ന്, കുട്ടികളെ ഇത്തരം ആചാരങ്ങളുടെ ഭാഗമാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
തീ ചാമുണ്ഡി തെയ്യം പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു ഉപജാതിക്കാര്‍ മാത്രമാണ് ഇത് അനുഷ്ടിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. തീ ചാമുണ്ഡി തെയ്യം അനുഷ്ടിക്കുമ്പോള്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുമെന്ന് കരുതുന്നില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.