കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടക്കുന്ന ചുറ്റുമതിൽ നിർമാണ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് കൊച്ചി നഗരസഭയുടെയും ജിസിഡിഎയുടെയും സംയുക്ത പരിശോധനയിൽ വ്യക്തമായി.
അന്താരാഷ്ട്ര മത്സരങ്ങൾ നടക്കണമെങ്കിൽ ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയം ഒരുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ ചുറ്റുമതിൽ നിർമാണം തുടങ്ങിയത്. എന്നാൽ, ചുറ്റുമതിലിന്റെ കൂടുതൽ ഭാഗം കാരണക്കോടം തോടിന്റെ സംരക്ഷണ ഭിത്തിക്ക് മുകളിലാണ് കെട്ടിയിരിക്കുന്നത്. സംരക്ഷണ ഭിത്തിയുടെ മുകളിൽ ഉയർത്തി ബെൽറ്റ് വാർത്താണ് മതിൽ കെട്ടുന്നത്.
കാരണക്കോടം തോട് എല്ലാ വർഷവും വൃത്തിയാക്കുന്നതുകൊണ്ടാണ് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാകുന്നത്. തോടിനടുത്തേക്ക് ചെളി കോരുന്നതിനായി ജെസിബിയും ലോറിയും എത്തേണ്ടതുണ്ട്. എന്നാൽ, സുരക്ഷാഭിത്തിക്ക് മുകളിൽ ചുറ്റുമതിൽ വന്നതോടെ അത് നടക്കില്ലെന്ന് പരിശോധന നടത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്ക് ബോധ്യമായി.
മതിൽ നിർമാണത്തിൽ സിആർഇസഡ് ലംഘനമുള്ളതായും കണ്ടെത്തി. മതിൽ കെട്ടുന്നതിന് കോർപ്പറേഷനിൽനിന്ന് എൻഒസി എടുക്കേണ്ടതുണ്ട്. അത് എടുക്കാതെയാണ് പണി ആരംഭിച്ചിരിക്കുന്നതെന്നും വ്യക്തമായി. ഇതേത്തുടർന്ന് ചുറ്റുമതിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നഗരസഭാധികൃതർ നിർദേശം നൽകി.
നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷമാണ് സ്റ്റേഡിയത്തിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇതേ തുടർന്ന് മേയറാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.


