തിരുവനന്തരം: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സെമി ഹൈസ്പീഡ് ട്രെയിനായാണ് അറിയപ്പെടുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരത് രാജ്യത്ത് ഒന്നാമതെന്ന വാർത്തകൾക്കിടെയാണ് പാലക്കാട് ഡിവിഷന് രണ്ടാമത്തെ വന്ദേ ഭാരതും ഇന്ത്യൻ റെയിൽവേ അനുവദിക്കുന്നത്.
രണ്ടാമത്തെ ട്രെയിനിന്‍റെ അന്തിമറൂട്ടിനെച്ചൊല്ലി ചർച്ചകൾ ഉയരുന്ന സമയത്തും ആദ്യ വന്ദേ ഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം കേരളം റെയിൽവേയുടെ മുന്നിൽവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ റെയിൽവേയുടെ മറുപടി കേരള നിയമസഭയിൽ വിശദീകരിച്ചിരിക്കുകയാണ് മന്ത്രി വി അബ്ദുറഹ്മാൻ. പുതിയ സ്റ്റോപ്പ് അനുവദിക്കാൻ തൽക്കാലം നിർവാഹമില്ലെന്നാണ് റെയിൽവേ പറയുന്നതെന്നാണ് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി സഭയെ അറിയിച്ചത്.
എപി അനിൽകുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കാൻ തൽക്കാലം നിർവാഹമില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
മികച്ച വേഗത ഉറപ്പാക്കിയാണ് നിലവിൽ ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഇനി കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നത് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകുമെന്നും റെയിൽവേ അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ എപി അനിൽകുമാറിന് മറുപടി നൽകി.
വന്ദേ ഭാരതിന് പുതിയ രണ്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നൽകിയിരുന്നു. മെയ് മാസത്തിലായിരുന്നു അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.
തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽനിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. റെയിൽവേയ്ക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്.
കേരളത്തിൽ പുതുതായി സർവീസ് ആരംഭിക്കുന്ന ചെന്നൈ – തിരുനെൽവേലി വന്ദേ ഭാരത് ട്രെയിൻ നാഗർകോവിൽവരെ നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കന്യാകുമാരി ലോക്സഭാംഗം വിജയ് വസന്താണ് ഇക്കാര്യ ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർക്ക് നിവേദനവും നൽകിയത്. ഹൈദരാബാദ് – ചെന്നൈ ചാർമിനാർ എക്സ്പ്രസ് നാഗർകോവിൽ വരെ നീട്ടണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.