തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസിൽ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം. പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്.
ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഷരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത് ശ്രീനിലയത്തില്‍ വച്ചാണ്.
ഷാരോണിന്റെ കൊലപാതകം മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ 9 മണിക്ക് നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലാണ് മൊഴിയെടുക്കുന്നത്. അന്ധവിശ്വാസവും പൊലീസ് വീഴ്ചയും ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഷരോണിന്‍റെ കുടുംബം പറയുന്നത്.
ഷാരോണിന്റെ മരണം അന്വേഷിച്ചതിൽ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകൾ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്ടറുമായ ഷിനോൺ ചൂണ്ടിക്കാട്ടുന്നു. ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഴിച്ച കഷായത്തിൽ വീട്ടുകാർ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അത് പാടേ തള്ളിയിരുന്നു. ഷാരോണിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് അവഗണിച്ചു.
ഈ മൊഴികളെല്ലാം വെറും ഊഹാപോഹമെന്നായിരുന്നു പൊലീസിന്റെ നിലപാട്. വീട്ടുകാർ ഉന്നയിച്ച സംശയങ്ങൾ തുടക്കത്തിലേ പരിഗണിച്ചിരുന്നെങ്കിൽ, നേരത്തെ തന്നെ മരണകാരണമായ കീടനാശിനിയിലേക്ക് എത്താമായിരുന്നു എന്ന് വ്യക്തം. ഒറ്റദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതിച്ച കേസിൽ, ദിവസങ്ങളായി വീട്ടുകാർ ഉന്നയിക്കുന്ന സംശയം എന്തുകൊണ്ട് പൊലീസ് നേരത്തെ ചെവിക്കൊണ്ടില്ലെന്ന ചോദ്യത്തിന് മറുപടി നൽകാൻ എഡിജിപി എംആർ അജിത് കുമാർ നല്ല പോലെ ബുദ്ധിമുട്ടി.
പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെൺകുട്ടിയെന്ന പരിഗണനയും നൽകിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളിൽ വലിയ വാർത്തയായതിന് ശേഷം മാത്രമാണ് കേസിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിച്ചതും.
കടുത്ത ഛർദ്ദിയും വായിൽ പൊള്ളലുമുണ്ടായിരുന്ന ഷാരോണിന്റെ ലക്ഷണങ്ങളെ വിലയിരുത്തിയതിൽ ഡോക്ടർമാർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സംശയം ഉയരുന്നത്. ഷാരോൺ ലക്ഷണങ്ങൾ കാണിച്ചപ്പോഴേ കീടനാശിനി സാന്നിധ്യം സംശയിക്കാമായിരുന്നു. പൊലീസിന്റെ നിഗമനങ്ങളിൽ തുടക്കത്തിലേ വീഴ്ചയുണ്ടായെന്ന് ചുരുക്കം.