ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്, യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു; വീഡിയോ ദൃശ്യങ്ങൾ പിന്തുടർന്ന് നടപടി

പാറ്റ്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരു യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഭഗൽപൂർ – ജയ്നഗർ എക്സ്പ്രസ് ട്രെയിനിന് നേരെ ബിഹാറിൽ വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം എറിഞ്ഞയാളുടെ ചിത്രങ്ങളും വീഡിയോയും ട്രെയിനിൽ നിന്നുതന്നെ ഒരാൾ വീഡിയോയിൽ പകർത്തുകയും ഇത്  സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നിൽ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ ഒരു യാത്രക്കാരൻ മൂക്കിന് പരിക്കേറ്റ നിലയിൽ ട്രെയിനിനകത്ത് സീറ്റിൽ ഇരിക്കുന്നതുമാണ് ഉള്ളത്. ദർബംഗയ്ക്കും കാകർഘാതിയ്ക്കും ഇടയ്ക്കുവെച്ചാണ് കല്ലേറുണ്ടായതെന്നും എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും വീഡിയോ ക്ലിപ്പിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ഇത്തരക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ ആവശ്യപ്പെട്ടു. അതേസമയം ഈ പോസ്റ്റിൽ പ്രതികരണവുമായി റെയിൽവെ മന്ത്രാലയവും രംഗത്തെത്തി. ഈ സംഭവത്തിൽ കുറ്റക്കാരനായ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റ‍ർ ചെയ്തതായും റെയിൽവെ അറിയിച്ചു. ട്രെയിനിന് നേരെ കല്ലെറിയുന്ന സാമൂഹിക വിരുദ്ധർക്കെതിരെ തക്ക നടപടികൾ സ്വീകരിച്ചുവരുന്നതായും റെയിൽവെ അറിയിച്ചിട്ടുണ്ട്.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News