കൊച്ചി: ഓഹരി വ്യാപാരത്തിലൂടെ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു. കാക്കനാട്ടെ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഫിന്‍സെര്‍വിന്റെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു. എബിന്‍ വര്‍ഗീസിന്റെ ഭാര്യ എ ശ്രീരഞ്ജിനിയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. എബിനെ വ്യാഴാഴ്ച ഇഡി അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.
മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്.
നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവരുകയും പൊലീസ് കേസെടുക്കകയും ചെയ്തതോടെ ദുബായിയിലേക്കു കടന്ന എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡല്‍ഹിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
ഓഹരി വ്യാപാരത്തിലൂടെ നിക്ഷേപങ്ങള്‍ക്ക് വന്‍ ലാഭം നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് വര്‍ഷം 24 ശതമാനം വരെ പലിശയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നായിരുന്നു വാഗ്ദാനം. മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വിന്റെ പേരില്‍ മാത്രം 73.90 കോടി രൂപ എബിന്‍ സ്വന്തമാക്കിയതായാണ് കണ്ടെത്തല്‍.
ഇതില്‍ ചെറിയ തുക മാത്രമാണ് എബിന്‍ ഓഹരി വ്യാപാരത്തിന് ഉപയോഗിച്ചിരുന്നത്.ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങിക്കൂട്ടിയതായും ഗോവയിലെ കാസിനോ ഓപ്പറേറ്റര്‍ കമ്പനികള്‍ക്കും ഓണ്‍ലൈന്‍ കാസിനോ ഓപ്പറേറ്റര്‍മാര്‍ക്കും ഈ തുക നല്‍കിയതായും ഇഡി കണ്ടെത്തി.