ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, സര്‍ക്കാര്‍ രൂപവത്കരണത്തിന് മുമ്പുതന്നെ ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഓഹരി വിപണയില്‍ കുംഭകോണം നടന്നെന്ന ഗുരുതര ആരോപണവുമായാണ് രാഹുല്‍ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രസ്താവനനടത്തിയെന്നാണ് രാഹുലിന്റെ ആരോപണം.
ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അമിത് ഷായും സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് പ്രസ്താവന നടത്തി. എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിക്ഷേപകര്‍ക്ക് നിക്ഷേപ ഉപദേശം നല്‍കിയത്? ‘വ്യാജ’ ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ‘ഓഹരി കുംഭകോണ’ത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)യുടെ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.