EntertainmentKeralaNews

ഹനീഫിക്ക പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു; സ്വന്തം വീട്ടിലെ കുട്ടികളെ പോലെ നോക്കുമായിരുന്നു; ഭാവന

കൊച്ചി:മലയാള സിനിമയിൽ ഒരു കാലത്ത് ക്യാരക്ടർ റോളുകളിൽ തിളങ്ങിയ നടനാണ് കൊച്ചിൻ ഹനീഫ. കോമഡി റോളുകളാണ് മലയാളത്തിൽ നടൻ കൂടുതലും ചെയ്തതും. തമിഴ് സിനിമകളിലും കൊച്ചിൻ ഹനീഫ സാന്നിധ്യമറിയിച്ചിരുന്നു. മീശമാധവൻ, കുഞ്ഞിക്കൂനൻ, സൂത്രധാരൻ തുടങ്ങിയ സിനിമകളിൽ കൊച്ചിൻ ഹനീഫ ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

2001 ൽ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും കൊച്ചിൻ ഹനീഫയ്ക്ക് ലഭിച്ചു, 2010 ലാണ് കൊച്ചിൻ ഹനീഫ മരിക്കുന്നത്. സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നടനാണ് കൊച്ചിൻ ഹനീഫ. അതിനാൽ തന്നെ നടന്റെ വിയോ​ഗം ഇവരെയൊക്കെ ഏറെ വിഷമിപ്പിച്ചിരുന്നു.

‘ഇപ്പോഴിതാ കൊച്ചിൻ ഹനീഫയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി ഭാവന. ​ഹനീഫിക്കയോടൊപ്പം ഞാൻ കുറെ സിനിമകൾ ചെയ്തിട്ടുണ്ട്. ഭയങ്കര രസമാണ് സംസാരിച്ചിരിക്കാൻ. എനിക്ക് പൊതുവെ സീനിയർ ആക്ടർമാരുടെ കഥകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്’

‘ഹനീഫ് ഇക്ക എപ്പോഴും ഓരോ കാര്യങ്ങൾ പറയും. അദ്ദേഹം പറഞ്ഞൊരു കാര്യം ഇപ്പോഴും എനിക്കോർമ്മയുണ്ട്. ഞങ്ങൾ ദീപാവലി എന്ന സിനിമ ചെയ്യുകയായിരുന്നു. നമ്മൾ വിചാരിക്കും നമ്മൾ ഭയങ്കര സംഭവമാണെന്ന്. പക്ഷെ മരിച്ച് കഴിഞ്ഞ് അടുത്ത നിമിഷം ലോകം മൂവ് ഓൺ ചെയ്ത് കൊണ്ടിരിക്കും എന്ന് അന്നദ്ദേഹം പറഞ്ഞു’

‘അന്ന് ഞാനത് ആലോചിച്ചൊന്നുമില്ല. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ ശരിയാണ്. അദ്ദേ​ഹം വളരെ ഫൺ ആയിരുന്നു. വീട്ടിലെ കുട്ടികളെ പോലെ നമ്മളെ നോക്കുമായിരുന്നു,’ ഭാവന പറഞ്ഞു. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം.

ഇപ്പോൾ താനൊരു തമിഴ് സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ വിവരങ്ങളൊന്നും പറയാറായിട്ടില്ലെന്നും ഭാവന പറഞ്ഞു. സിനിമയിലെ തുടക്ക കാലത്ത് സൗബിൻ, ഷൈൻ ടോം ചാക്കോ, ആഷിഖ് അബു തുടങ്ങിയവരെ സഹ സംവിധായകരായി തനിക്ക് പരിചയമുണ്ടെന്നും ഭാവന പറഞ്ഞു

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് ഭാവന. പ്രണയ കഥാ പശ്ചാത്തലമുള്ള സിനിമ ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഭാവന.

ഷറഫുദീനാണ് സിനിമയിലെ നായകൻ. പുതുമുഖ സംവിധായകനായ ആദിൽ മൈമൂനാദ് അഷറഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഒരുക്കിയിരിക്കുന്നത്. ഭാവനയുടെ തിരിച്ചു വരവ് എന്നതിനാൽ തന്നെ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് സിനിമാ രം​ഗത്ത് വീണ്ടും സജീവമാവുകയാണ് ഭാവന. നിരവധി അവസരങ്ങൾ നേരത്തെയും വന്നിരുന്നെങ്കിലും സിനിമകൾ ചെയ്യുന്നില്ലെന്ന് തീരുമാനത്തിലായിരുന്നു. ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയാണ് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന ഭാവനയുടെ മറ്റൊരു സിനിമ.

ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണിത്. മലയാളത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും കന്നഡ സിനിമകളിൽ ഭാവന സജീവമായിരുന്നു. മലയാളം കഴിഞ്ഞാൽ കൂടുതലും കന്നഡ സിനിമകളിലാണ് ഭാവന അഭിനയിച്ചത്.

നടിക്ക് വലിയ ആരാധക വൃന്ദവും കന്നഡയിലുണ്ട്. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. കമൽ സംവിധാനം ചെയ്ത സിനിമയിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button